അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; 14 ദിവസം റിമാൻഡിൽ
തിരുവനന്തപുരം: കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ബലാത്സംഗക്കേസ് നൽകിയ യുവതിയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിന് ജാമ്യമില്ല. രാഹുൽ ഈശ്വറിന്‍റെ ജാമ്യാപേക്ഷ തള്ളിയ കോടതി 14 ദിവസം റിമാൻഡ് ചെയ്തു. രാഹുലിനെ പൂജപ്പുര സബ് ജയിലിലേക്ക് മാറ്റും. ഒരു മണിക്കൂർ നീണ്ട വാദമാണ് കോടതിയിൽ നടന്നത്. അതിജീവിതകളെ സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരമായി അധിക്ഷേപിക്കുന്നയാളാണ് രാഹുലെന്ന് പ്രോസിക്യൂഷൻ വാദിച്ചു.രാഹുൽ മാങ്കൂട്ടത്തിലിനെതിരെ മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന് പിന്നാലെയാണ് അതിജീവിതക്കെതിരെ സൈബർ ആക്രമണം രൂക്ഷമായത്. ഇതോടെ, സ്വത്വം വെളിപ്പെടുത്തുന്ന തരത്തിൽ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അനുയായികളും കോൺഗ്രസ് അനുകൂല ഡിജിറ്റൽ മീഡിയ സെൽ അംഗങ്ങളും നടത്തിയ സൈബർ ആക്രമണത്തിനെതിരെയും അതിജീവിത പരാതി നൽകി. ഇവയുടെ യു.ആർ.എൽ ലിങ്കുകൾ പരാതിക്കാരി നൽകിയിട്ടുണ്ട്. സൈബർ അധിക്ഷേപ പരാതിയിൽ ഓരോ ജില്ലകളിലും കേസെടുക്കാൻ എ.ഡി.ജി.പി വെങ്കിടേഷ് നിര്‍ദേശം നൽകി. ഫേസ്ബുക്ക് പോസ്റ്റുകൾ പങ്കുവെച്ച പേരെടുത്ത് പറയാത്തവർക്കെതിരെയും കേസെടുത്തിട്ടുണ്ട്.സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ അഞ്ചാം പ്രതിയാണ് രാഹുൽ ഈശ്വർ. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സന്ദീപ് വാര്യറാണ് നാലാം പ്രതി. മഹിള കോണ്‍ഗ്രസ് പത്തനംതിട്ട ജില്ല സെക്രട്ടറി രഞ്ജിത പുളിക്കനാണ് ഒന്നാം പ്രതി. അഡ്വ. ദീപ ജോസഫ്, ദീപ ജോസഫ് (ഫേസ്ബുക്ക് അക്കൗണ്ട്) എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. അതിജീവിതയെ തിരിച്ചറിയുന്ന തരത്തില്‍ വിവരങ്ങള്‍ വെളിപ്പെടുത്തി, സമൂഹിക മാധ്യമങ്ങളിലൂടെ അപമാനിച്ചു തുടങ്ങിയ പരാതികളിൽ ഐ.ടി ആക്ട് 43, 66, ബി.എൻ.എസ് 72, 79 എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. യുവതിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടുണ്ട്.
സൈബർ ഗ്രൂപ്പുകളും കുടുങ്ങും
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ച സൈബർ ഗ്രൂപ്പുകളും കുടുങ്ങും. അതിജീവിതയെ സമൂഹമാധ്യമങ്ങളിൽ അപമാനിച്ചാൽ കർശന നടപടിയെടുക്കുമെന്ന് സൈബര്‍ ഓപറേഷൻ ചുമതലയുള്ള എ.ഡി.ജി.പി എസ്. ശ്രീജിത്ത് വ്യക്തമാക്കി. ഇരക്ക് സംരക്ഷണം കൊടുക്കാൻ പൊലീസ് ബാധ്യസ്ഥരാണ്. അതിജീവിതയുടെ സ്വത്വം വെളിപ്പെടുത്താന്‍ പാടില്ലെന്നും അദ്ദേഹം അറിയിച്ചു. സമൂഹമാധ്യമ അക്കൗണ്ടുകൾ നിരീക്ഷണത്തിലാണ്. അപമാനിക്കുന്നവരുടെ ഡിജിറ്റൽ ഉപകരണങ്ങൾ പിടിച്ചെടുക്കാന്‍ ജില്ല പൊലീസ് മേധാവിമാർക്ക് ഡി.ജി.പി നിർദേശം നല്‍കി.
