രാഹുൽ ഒളിവിൽത്തന്നെ; തിരച്ചിൽ ഊർജിതം

Share our post

തിരുവനന്തപുരം: യുവതിയെ ക്രൂരമായി പീഡിപ്പിക്കുകയും അശാസ്‌ത്രീയ ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്‌ത കേസിലെ പ്രതി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കായി പൊലീസ്‌ അന്വേഷണം ഊർജിതം. വ്യാഴാഴ്‌ച യുവതി തെളിവ് സഹിതം പരാതി നൽകിയതിന് പിന്നാലെ ഒളിവിൽപ്പോയ രാഹുലിന്‌ കോൺഗ്രസ്‌ നേതാക്കൾ തന്നെ സംരക്ഷണമൊരുക്കുന്നതായാണ്‌ സൂചന. ഫോൺ സ്വിച്ച് ഓഫാണ്‌. പാലക്കാട്ട്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ പ്രചാരണത്തിനിടെയാണ്‌ രാഹുൽ മുങ്ങിയത്‌. വെള്ളിയാഴ്‌ച പകൽ കുറച്ചുനേരം ഫോൺ ഓൺ ആയപ്പോൾ പാലക്കാട് ടവർ ലൊക്കേഷനാണ് കാണിച്ചത്. രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച പരിഗണിക്കും. അന്വേഷണ ഉദ്യോഗസ്ഥൻ എസിപി ദിനരാജിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം യുവതിയെ പരിശോധിച്ച വനിതാ ഡോക്‌ടറുടെ മൊഴിയെടുത്തു. യുവതിയുടെ സുഹൃത്തുക്കളുടെ മൊഴിയും ഉടൻ രേഖപ്പെടുത്തും. രാഹുൽ മാങ്കൂട്ടത്തിൽ കേസിൽ ഒന്നാംപ്രതിയും ഗർഭഛിദ്രത്തിന് മരുന്നെത്തിച്ച മാങ്കൂട്ടത്തിലിന്റെ സുഹൃത്ത് പത്തനംതിട്ട അടൂർ സ്വദേശി ജോബി ജോസഫ് രണ്ടാം പ്രതിയുമാണ്. ജീവപര്യന്തം തടവുശിക്ഷവരെ കിട്ടാവുന്ന ബലാത്സംഗക്കുറ്റമാണ് രാഹുൽ മാങ്കൂട്ടത്തിനെതിരെ ചുമത്തിയിട്ടുള്ളത്. ആദ്യവിവാഹബന്ധം ഒഴിഞ്ഞശേഷമാണ് രാഹുലിനെ പരിചയപ്പെട്ടതെന്ന് യുവതി മൊഴിനൽകിയിട്ടുണ്ട്. പെൺകുട്ടിയുടെ ഫോൺ അന്വേഷണസംഘം ശാസ്‌ത്രീയ പരിശോധനയ്‌ക്ക ഏറ്റെടുത്തിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!