ആധാറിനുള്ള രേഖകൾ: പാൻകാർഡും സ്‌കൂൾ സർട്ടിഫിക്കറ്റും ഉൾപ്പെടെ ഒഴിവാക്കി; ഉപയോഗിക്കാവുന്നത് ഇവയൊക്കെ

Share our post

ആലപ്പുഴ: പുതിയ ആധാർ കാർഡിനും നിലവിലുള്ളവ തിരുത്താനും നൽകേണ്ട രേഖകളുടെ പട്ടികയിൽനിന്ന് പലതും ആധാർ അതോറിറ്റി (യുഐഡിഎഐ) ഒഴിവാക്കി. പാൻ കാർഡ്, സ്കൂൾ വിടുതൽ-ട്രാൻസ്ഫർ, ഭിന്നശേഷി സർട്ടിഫിക്കറ്റുകൾ, സർക്കാർ വകുപ്പുകൾ നൽകുന്ന ഫോട്ടോ പതിച്ച തിരിച്ചറിയൽ കാർഡ്, കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കൊടുക്കുന്ന കുടുംബാവകാശ രേഖ, പൊതുമേഖല ബാങ്ക് നൽകുന്ന ഫോട്ടോ പതിച്ച പാസ് ബുക്ക് തുടങ്ങിയവയാണ് ഒഴിവാക്കിയത്. വോട്ടർ തിരിച്ചറിയൽ കാർഡ്, ഫോട്ടോ പതിച്ച റേഷൻ കാർഡ്, ഡ്രൈവിങ് ലൈസൻസ്, ഫോട്ടോയുള്ള എസ്എസ്എൽസി ബുക്ക്, പാസ്പോർട്ട് എന്നിവ തുടർന്നും ഉപയോഗിക്കാം. എന്നാൽ, അഞ്ചു മുതൽ 18 വരെ പ്രായമുള്ളവർക്കു നൽകേണ്ട രേഖകളിൽനിന്ന് റേഷൻ കാർഡ്, ലൈസൻസ്, കേന്ദ്ര ആരോഗ്യ സ്കീം കാർഡ് (സിജിഎച്ച്എസ്), മാർക് ഷീറ്റ്‌ എന്നിവ ഒഴിവാക്കി. 18-നു മുകളിലുള്ള ഭിന്നശേഷിക്കാരായ നിരാലംബരായ വ്യക്തികളുടെ ആധാർ എൻറോൾമെന്റിനും അപ്‌ഡേറ്റിനും ജില്ലാ സാമൂഹികക്ഷേമ ഓഫീസർ നൽകുന്ന സ്റ്റാൻഡേർഡ് സർട്ടിഫിക്കറ്റ് ഉൾപ്പെടുത്തി.

കൂടാതെ, പുതുക്കൽ നടപടികൾക്ക് ചില ഭേദഗതികളും വരുത്തി. ആധാർ നമ്പരുള്ളയാൾ മുൻപ് ജനന സർട്ടിഫിക്കറ്റ് നൽകിയിട്ടുണ്ടെങ്കിൽ, അതേ ജനന രജിസ്ട്രേഷൻ നമ്പർ (ബിആർഎൻ) ഉൾക്കൊള്ളുന്ന തിരുത്തിയ ജനന സർട്ടിഫിക്കറ്റു നൽകണം. ജനന സർട്ടിഫിക്കറ്റ് ഒഴികെയുള്ള ജനനത്തീയതിയുടെ തെളിവ് (ഉദാഹരണത്തിന് മാർക് ഷീറ്റ്‌, പാസ്പോർട്ട് മുതലായവ) സമർപ്പിച്ചിട്ടുണ്ടെങ്കിൽ, അതേ രേഖയുടെ തിരുത്തിയ പതിപ്പോ ജനന സർട്ടിഫിക്കറ്റോ നൽകണം. ലിംഗമാറ്റത്തിനും പൂർണമായ പേരു മാറ്റത്തിനും ട്രാൻസ്ജെൻഡർ തിരിച്ചറിയൽ കാർഡ് സ്വീകരിക്കും.

ആധാർ സേവന കേന്ദ്രങ്ങൾക്ക് എതിർപ്പ്

പല രേഖകളും പട്ടികയിൽനിന്നു നീക്കംചെയ്ത ആധാർ അതോറിറ്റിയുടെ നടപടിയിൽ സംസ്ഥാനത്തെ സേവനകേന്ദ്രങ്ങൾക്ക് എതിർപ്പുണ്ട്. കേരളത്തിലെ ഒട്ടുമിക്കവരും നിലവിൽ അംഗീകരിച്ച എല്ലാ രേഖകളും ഉള്ളവരാകണമെന്നില്ല. അതിനാൽ, ഒഴിവാക്കപ്പെട്ട ഏതെങ്കിലും രേഖ ഹാജരാക്കി പുതിയ ആധാർ എടുക്കാനും തിരുത്താനും മുൻപ് കഴിഞ്ഞിരുന്നു. ആ സൗകര്യമാണിപ്പോൾ ഇല്ലാതായത്. സ്കൂൾ സർട്ടിഫിക്കറ്റ് ഒഴിവാക്കിയത് എസ്എസ്എൽസി ബുക്ക് കൈവശമില്ലാത്തവർക്കും തിരിച്ചടിയാണെന്ന് അക്ഷയ സംരംഭകരുടെ സംഘടനയായ ഫോറം ഓഫ് അക്ഷയ സെന്റർ ഓൺട്രപ്രനേഴ്സ് (ഫെയ്സ്) സംസ്ഥാന പ്രസിഡന്റ് സ്റ്റീഫൻ ജോൺ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!