നടിയെ ആക്രമിച്ച കേസ്; റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പ്രതി ദിലീപ് ഹൈക്കോടതിയില്‍
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ വീണ്ടും എട്ടാം പ്രതി ദീലിപ്. റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ രജിസ്റ്റര്‍ ചെയ്ത അഞ്ച് കേസുകളില്‍ അന്വേഷണം നടത്തുന്നില്ലെന്നും അന്വേഷണം പുനരാരംഭിച്ച് ഉടന്‍ പൂര്‍ത്തിയാക്കണമെന്നും ദിലീപ് ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടു. ആവശ്യത്തില്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാറിനോട് റിപ്പോര്‍ട്ട് തേടി. കേസിലെ നിര്‍ണ്ണായക തെളിവുകള്‍ നേരത്തെ പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. സംവിധായകന് ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍ ഉള്‍പ്പെടെ കേസില്‍ നിരന്തര വാര്‍ത്തകള്‍ റിപ്പോര്‍ട്ടര്‍ ടിവി നല്‍കിയിരുന്നു. കേസിലെ അട്ടിമറി ശ്രമവും വാര്‍ത്തകളിലൂടെ പുറത്തുവിട്ടത് റിപ്പോര്‍ട്ടര്‍ ടിവിയായിരുന്നു. ഇതിന് പിന്നാലെ റിപ്പോര്‍ട്ടര്‍ ടിവിക്കെതിരെ പൊലീസ് സ്വമേധയാ അഞ്ച് കേസെടുത്തിരുന്നു. ഈ കേസുകളിലെ അന്വേഷണം പൂര്‍ത്തിയാക്കണം എന്നാണ് ദിലീപിന്റെ ഇപ്പോഴത്തെ ആവശ്യം. വാര്‍ത്ത നല്കുന്നതില് നിന്ന് റിപ്പോര്‍ട്ടര്‍ ടിവിയെ തടയണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി തള്ളിയിരുന്നു. ഇത് ദിലീപിന് വലിയ തിരിച്ചടിയായിരുന്നു. തുടര്‍ന്നും സംഭവത്തില്‍ റിപ്പോര്‍ട്ടര്‍ ടിവി വാര്‍ത്തകള്‍ നല്‍കിയിരുന്നു.
അതേ സമയം നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ എട്ടിന് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി പറയും. കുറ്റകൃത്യം സംഭവിച്ച് എട്ടര വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിധി പറയുന്നത്. എട്ടാംപ്രതി ദിലീപ് ഉള്‍പ്പടെ എല്ലാ പ്രതികളും ഡിസംബര്‍ എട്ടിന് വിചാരണക്കോടതിയില്‍ ഹാജരാകണം. കേസിലെ വാദം ഉള്‍പ്പടെയുള്ള വിചാരണ നടപടികള്‍ കഴിഞ്ഞ ഏപ്രില്‍ 11നാണ് പൂര്‍ത്തിയായത്. തുടര്‍ന്ന് കഴിഞ്ഞ 27 തവണയും വാദത്തില്‍ വ്യക്തത വരുത്താനായി കോടതി കേസ് മാറ്റുകയായിരുന്നു. നെടുമ്പാശേരി പൊലീസ് രജിസ്റ്റര്‍ ചെയ്ത് ക്രൈംബ്രാഞ്ച് അന്വേഷണം പൂര്‍ത്തിയാക്കിയ കേസില്‍ ആകെ 9 പ്രതികളുണ്ട്. പള്‍സര്‍ സുനി ഒന്നാംപ്രതിയും നടന് ദിലീപ് എട്ടാംപ്രതിയുമാണ്. അനുബന്ധ കുറ്റപത്രം അനുസരിച്ച് ബലാത്സംഗ ഗൂഡാലോചന കേസിലാണ് ദിലീപിനെ പ്രതിചേര്‍ത്തത്. കഴിഞ്ഞ വര്‍ഷം വിചാരണ നടപടികള്‍ പൂര്‍ത്തിയായി എങ്കിലും അന്തിമ നടപടിക്രമങ്ങള്‍ ഒരുവര്‍ഷത്തിലധികം നീണ്ടു. 2017 ഫെബ്രുവരി മാസം 17നാണ് കൊച്ചി നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ വെച്ച് നടിയെ ആക്രമിച്ചത്. 2018 മാര്‍ച്ചിലാണ് കേസിലെ വിചാരണ നടപടികള്‍ ആരംഭിച്ചത്. പ്രൊസിക്യൂഷന് കേസിന് ബലം പകരുന്ന നിര്‍ണ്ണായക തെളിവുകള്‍ റിപ്പോര്‍ട്ടര്‍ ടിവിയാണ് പല ഘട്ടങ്ങളില്‍ പുറത്തുവിട്ടത് നീണ്ടകാലത്തെ നിയമപോരാട്ടമാണ് നടന്നതെന്നും സന്തോഷമെന്നും അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി പറഞ്ഞു. കോടതിയുടെ വിശ്വാസ്യത വരെ നഷ്ടപ്പെട്ട കേസായിരുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ നിരന്തരമായ ഇടപെടലുകള്‍ നടത്തി. അഭിനന്ദിക്കുന്നു. റിപ്പോര്‍ട്ടര്‍ ചാനല്‍ ഇരയോടൊപ്പം നിന്നുവെന്നും ടി ബി മിനി പറഞ്ഞു.
