കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ല, 518 സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചു; സുപ്രീം കോടതിയിൽ സത്യവാങ്മൂലം

Share our post

സുപ്രീം കോടതി അതൃപ്തി അറിയിച്ചതിന് പിന്നാലെ പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചതിൽ സത്യാ വാങ്മൂലം സമർപ്പിച്ച് സംസ്ഥാനം. കേരളത്തിൽ 28 പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി ഇല്ലെന്നും ആകെ 518 പോലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിച്ചുവെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ലോക്കപ്പിന് മുന്നിലെ ഇടനാഴി, റിസപ്ഷൻ, പോലീസ് സ്റ്റേഷന്റെ പ്രവേശന കവാടം, പിൻഭാഗം എന്നിവിടങ്ങളിലും സിസിടിവികൾ സ്ഥാപിച്ചു. കൂടാതെ ഇൻസ്പെക്ടർ, എസ് ഐ എന്നിവരുടെ മുറികളിലും സിസിടിവി സ്ഥാപിച്ചു എന്നും കേരളം സുപ്രീം കോടതിയിൽ വ്യക്തമാക്കി. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തതിൽ സുപ്രീം കോടതി ഇന്നലെ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.

പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്നതിൽ റിപ്പോർട്ട് സമർപ്പിക്കാത്തിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകളെയാണ് ഇന്നലെ സുപ്രീംകോടതി വിമര്‍ശിച്ചത്. കേരളം റിപ്പോർട്ട് സമർപ്പിക്കാത്തതിൽ കോടതി അതൃപ്തി രേഖപ്പെടുത്തി. റിപ്പോർട്ട് സമർപ്പിക്കാൻ ജസ്റ്റിസ് വിക്രം നാഥ്‌ അധ്യക്ഷനായ ബെഞ്ച് മൂന്നാഴ്ച സമയം നൽകി. ഈ സമയത്തിനുള്ളിൽ മറുപടി നൽകിയില്ലെങ്കിൽ ചീഫ് സെക്രട്ടറിമാർ നേരിട്ട് ഹാജരാകേണ്ടി വരുമെന്നാണ് കോടതി മുന്നറിയിപ്പ് നൽകിയിരുന്നത് രാജ്യത്ത് 8 മാസത്തിനിടെ 11 കസ്റ്റഡി മരണം ഉണ്ടായെന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിലാണ് സുപ്രീം കോടതി പൊലീസ് സ്റ്റേഷനുകളിൽ സിസിടിവി സ്ഥാപിക്കണമെന്ന നിർദേശം നൽകിയത്. നിലവിൽ 11 സംസ്ഥാനങ്ങൾ മാത്രമാണ് മറുപടി നൽകിയതെന്ന് വിഷയത്തിൽ അമിക്കസ്ക്യുറിയായി നിയോഗിച്ച മുതിർന്ന അഭിഭാഷകൻ സിദ്ധാർഥ് ദവെ കോടതിയെ അറിയിച്ചു. ദേശീയ ഏജൻസികളുമായി ബന്ധപ്പെട്ട് കേന്ദ്രം മറുപടി നൽകിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഭരണനിർവഹണത്തിന് പേരുകേട്ട സംസ്ഥാനം എന്തുകൊണ്ട് മടിക്കുന്നുവെന്നും വളരെ മുന്നാക്കം നിൽക്കുന്ന സംസ്ഥാനമല്ലേ എന്നും ജസ്റ്റിസ് സന്ദീപ് മേഹ്ത ചോദിച്ചു. ഡിസംബർ 16ന് വിഷയം വീണ്ടും സുപ്രീം കോടതി പരിഗണിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!