പണമില്ലെങ്കിൽ ചികിത്സ നിഷേധിക്കരുത്; സ്വകാര്യ ആശുപത്രികൾക്ക് മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി
കൊച്ചി: സ്വകാര്യ ആശുപത്രികൾക്ക് സുപ്രധാന മാർഗ നിർദേശങ്ങളുമായി ഹൈക്കോടതി. പണമില്ലാത്തതിന്റെ പേരിൽ രോഗികൾക്ക് ചികിത്സ നിഷേധിക്കരുതെന്ന് കോടതി നിർദേശിച്ചു. ചികിത്സാ നിരക്ക് ആശുപത്രികളിൽ പ്രദർശിപ്പിക്കണം. ഇംഗ്ലീഷിലും മലയാളത്തിലും ഇവ ലഭ്യമാക്കണം. ഡിസ്ചാർജ് ചെയ്യുമ്പോൾ ചികിത്സയുടെ വിവരങ്ങൾ രോഗികൾക്ക് കൈമാറണമെന്നും ഹൈക്കോടതി നിർദേശിച്ചു. ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റേതാണ് നിർണായക ഉത്തരവ്. ഡോക്ടർമാരുടെ വിവരങ്ങളും, ചികിത്സാ ചെലവിന്റെ വിവരങ്ങളും പ്രദർശിപ്പിക്കണം എന്നും പണമില്ലാത്ത അവസ്ഥയിൽ ചികിത്സ നിഷേധിക്കരുതെന്നും സ്വകാര്യ ആശുപത്രികൾക്ക് നിർദേശം നൽകി ഹൈക്കോടതി സിംഗിൾ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാൽ ഇതിനെതിരെ സ്വകാര്യ ആശുപത്രികളുടെ മാനേജുമെന്റും ഐഎംഎയും ഡിവിഷൻ ബെഞ്ചിൽ അപ്പീൽ നൽകി. ഈ അപ്പീൽ ഹൈക്കോടതി തള്ളി. രേഖകളില്ലെങ്കിലും രോഗിയ്ക്ക് ചികിത്സ നിഷേധിക്കരുതെന്നും ഹൈക്കോടതി നിർദേശിച്ചു. തുടർചികിത്സ ആവശ്യമായി വന്നാൽ ആശുപത്രി മാറ്റാം. അതിന്റെ ഉത്തരവാദിത്തം ആദ്യം ചികിത്സ തേടുന്ന ആശുപത്രിയ്ക്കുണ്ട് എന്നും ഹൈക്കോടതി ഓർമപ്പെടുത്തി. സ്വകാര്യ ആശുപത്രികളിൽ പരാതി പരിഹാര ഡെസ്ക് രൂപീകരിക്കണം. ഡെസ്കിൽ വന്ന പരാതികൾ ഏഴി ദിവസത്തിനുള്ളിൽ പരിശോധിച്ച് നടപടിയെടുക്കണം. നടപടിയെടുക്കാൻ കഴിയാത്ത പരാതികളുണ്ടെങ്കിൽ അത് ഡിഎംഒയ്ക്ക് കൈമാറണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു.
