ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 63കാരിയിൽ നിന്നു പണം തട്ടിയെടുക്കാൻ ശ്രമം
കണ്ണൂർ: ഓൺലൈൻ ട്രേഡിംഗിലൂടെ പണം സമ്പാദിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുക്കാൻ നടത്തിയ ശ്രമം പരാജയപ്പെടുത്തി ഇന്ത്യൻ ഓവർസീസ് ബാങ്ക് ജീവനക്കാരും കണ്ണൂർ സിറ്റി സൈബർ ക്രൈം പോലീസും. തട്ടിപ്പുസംഘത്തിന്റെ വാക്കുകൾ വിശ്വസിച്ച് 63കാരിയായ കടലായി സ്വദേശിനി ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ശാഖയിൽ എത്തി പണം അയക്കാൻ ശ്രമിക്കവെ സംശയം തോന്നിയ അസിസ്റ്റന്റ് മാനേജർ പി ശ്രീധർ, സംഭവം സീനിയർ മാനേജർ ദിവ്യയെ അറിയിക്കുകയും മാനേജർ സൈബർ പോലീസിനെ അറിയിക്കുകയും ചെയ്തു. സൈബർ പോലീസ് സബ് ഇൻസ്പെക്ടർ മിഥുൻ്റെ നേതൃത്വത്തിൽ എസ്.ഐ ജ്യോതി, എ.എസ്.ഐ പ്രവീണ, സി.പി.ഒ സുനിൽ എന്നിവർ ബാങ്കിൽ എത്തി 63കാരിയെ ഓൺലൈൻ തട്ടിപ്പു സംബന്ധിച്ച കാര്യങ്ങൾ ബോധ്യപ്പെടുത്തുകയും പണം അടക്കുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയും ചെയ്തു. 25,000 രൂപ അടച്ചാൽ 30 ലക്ഷം രൂപ ലഭിക്കുമെന്നും എത്രയും പെട്ടെന്ന് പണം അടക്കണമെന്നുമാണ് തട്ടിപ്പുസംഘം വാട്സാപ്പിലൂടെ അറിയിച്ചത്. ഇതിൽ ആകൃഷ്ടയായാണ് 63കാരി വീട്ടുകാരറിയാതെ പണവുമായി ബാങ്കിൽ എത്തിയത്. ഇന്ത്യൻ ഓവർസീസ് ബാങ്ക് കണ്ണൂർ ശാഖാ സീനിയർ മാനേജർ ആർ ദിവ്യ, അസിസ്റ്റന്റ് മാനേജർ പി ശ്രീധർ എന്നിവരുടെ സമയോചിതമായ ഇടപെടലാണ് തട്ടിപ്പുസംഘത്തിന്റെ ശ്രമം പരാജയപ്പെടുത്തിയത്.
