വിമതരേ…ഇനി പുറത്തെന്ന് മുസ്ലിം ലീഗ്; കണ്ണൂർ കോർപ്പറേഷനിൽ മത്സരിക്കുന്നവരെ സസ്പെൻഡ് ചെയ്തു
കണ്ണൂർ: കോർപ്പറേഷനിലെ വിമത നീക്കത്തിൽ നടപടിയുമായി മുസ്ലിം ലീഗ്. വിമതരെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. വാരത്തെ ലീഗ് വിമതൻ റയീസ് അസ്അദി, ആദികടലായിയിലെ വിമതൻ വി മുഹമ്മദ് അലി, വി കെ അബ്ദുൽ ജബ്ബാർ, ഷാജി കടലായി എന്നിവർക്ക് എതിരെയാണ് നടപടി. അച്ചടക്ക ലംഘനം നടത്തിയതിനാൽ പാർട്ടിയുടെ പ്രാഥമികാംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്യുകയാണെന്ന് നേതൃത്വം അറിയിച്ചു. കഴിഞ്ഞ ദിവസം നാമനിർദേശ പത്രിക പിൻവലിക്കുന്നതുവരെ വിമതർ പിന്മാറുമെന്ന വിശ്വാസത്തിലായിരുന്നു ലീഗ്. എന്നാൽ വിമതർ തങ്ങളുടെ സ്ഥാനാർത്ഥിത്വത്തിൽ ഉറച്ച് നിൽക്കുകയായിരുന്നു. പിന്നാലെയാണ് ലീഗ് നടപടിയിലേക്ക് കടന്നത്.
