നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന ശനിയാഴ്ച

Share our post

കണ്ണൂർ :തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നവംബര്‍ 22 ശനിയാഴ്ച രാവിലെ 10 മുതല്‍ ആരംഭിക്കും. ബന്ധപ്പെട്ട വരണാധികാരികളാണ് നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടത്തുക. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധനാ വേളയില്‍ സ്ഥാനാര്‍ത്ഥിക്കൊപ്പം തിരഞ്ഞെടുപ്പ് ഏജന്റ്, നിര്‍ദേശകന്‍ എന്നിവര്‍ക്കു പുറമേ സ്ഥാനാര്‍ത്ഥി എഴുതി നല്‍കുന്ന ഒരാള്‍ക്കുകൂടി വരണാധികാരിയുടെ മുറിയിലേക്ക് പ്രവേശനം അനുവദിക്കും. സൂക്ഷ്മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടേയും നാമനിര്‍ദേശ പത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം ഇവര്‍ക്ക് ലഭിക്കും. നാമനിര്‍ദ്ദേശ പത്രിക പരിശോധനയ്ക്കായി നിശ്ചയിച്ച ദിവസവുമായി ബന്ധപ്പെടുത്തിയാണ് ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയും അയോഗ്യതയും പരിശോധിക്കുന്നത്. എന്നാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം സ്ഥാനാര്‍ത്ഥിക്ക് 21 വയസ്സ് പൂര്‍ത്തിയായിരിക്കണം. വെള്ളിയാഴ്ച വൈകുന്നേരം മൂന്ന് മണി വരെ ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദ്ദേശ പത്രികകളും ഓരോന്നായി സൂക്ഷ്മപരിശോധന നടത്തും. ഒരു സ്ഥാനാര്‍ത്ഥിയോ അഥവാ സ്ഥാനാര്‍ത്ഥിക്കു വേണ്ടിയോ ഒന്നിലധികം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തായിരിക്കും സൂക്ഷ്മപരിശോധന ചെയ്യുക. സൂക്ഷ്മപരിശോധനയ്ക്ക് ശേഷം സ്വീകരിക്കപ്പെട്ട പത്രികകള്‍ സമര്‍പ്പിച്ച സ്ഥാനാര്‍ത്ഥികളുടെ പട്ടിക റിട്ടേണിംഗ് ഓഫീസര്‍ തയ്യാറാക്കി പ്രസിദ്ധീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!