സര്‍ക്കാര്‍ മെഡി. കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം തുടരും
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ ഒപി ബഹിഷ്‌കരണം തുടരും. നാളെയും മറ്റന്നാളും ശനിയാഴ്ചയും ഒപി ബഹിഷ്‌കരിക്കും. ഒപി, തിയറി ക്ലാസുകള്‍ ബഹിഷ്‌കരിക്കാനാണ് തീരുമാനം. ഔദ്യോഗിക ചര്‍ച്ചകളും ബഹിഷ്‌കരിക്കും. ഔദ്യോഗിക കത്തിടപാടുകള്‍ക്ക് മറുപടി നല്‍കില്ല, മറ്റ് സ്ഥിതിവിവര കണക്കുകളും കൈമാറില്ല. ശമ്പള പരിഷ്‌കരണ കുടിശിക നല്‍കുക തുടങ്ങി വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള ഗവണ്‍മെന്റ് മെഡിക്കല്‍ കോളജ് ഡോക്ടര്‍മാരുടെ സംഘടനയായ കെജിഎംസിടിഎ നടത്തുന്ന പ്രക്ഷോഭത്തില്‍ ഇതുവരെയും അനുകൂലമായ തീരുമാനമില്ലാത്ത സാഹചര്യത്തിലാണ് അഞ്ചാം ആഴ്ചയും ഒപി ബഹിഷ്‌കരണം അടക്കമുള്ള സമരപരിപാടികളുമായി മുന്നോട്ട് പോകാന്‍ സംഘടന തീരുമാനിച്ചത്. ലേബര്‍ റൂം, അത്യാഹിത വിഭാഗങ്ങള്‍, അടിയന്തര ശസ്ത്രക്രിയകള്‍ എന്നിവയെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ തീരുമാനം ഉണ്ടായില്ലെന്നതിനാല്‍ സമരം തുടരാന്‍ കെജിഎംസിടിഎ തീരുമാനിച്ചിരുന്നു.
