ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ നിർമാണം അവസാനഘട്ടത്തിൽ
ഇരിട്ടി: താലൂക്ക് ആസ്ഥാനത്തെ സർക്കാർ ഓഫീസുകൾ ഒരുകേന്ദ്രത്തിലേക്ക് മാറ്റാൻ ലക്ഷ്യമിട്ട് നിർമിക്കുന്ന ഇരിട്ടി മിനി സിവിൽ സ്റ്റേഷൻ കെട്ടിട സമുച്ചയം അന്തിമഘട്ടത്തിൽ. പയഞ്ചേരിമുക്കിൽ ബ്ലോക്ക് പഞ്ചായത്തോഫീസിനടുത്താണ് അഞ്ചുനില കെട്ടിടം നിർമിച്ചത്. നിലവിൽ സബ്ട്രഷറി ഓഫീസ് അടക്കമുള്ള മിക്ക സർക്കാർ ഓഫീസുകളും വാടക കെട്ടിടത്തിലാണ് പ്രവർത്തിക്കുന്നത്. 21.5 കോടി രൂപ ചെലവിൽ നിർമിക്കുന്ന കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയനാണ് നിർവഹിച്ചത്. സിവിൽ സ്റ്റേഷൻ കെട്ടിടത്തിൽ താഴത്തെ നിലയിൽ സബ് ട്രഷറിയും ഇലക്ഷൻ വിഭാഗവും ക്യാന്റീൻ അടക്കമുള്ള സൗകര്യങ്ങളാണ് ഒരുക്കുക. ഒന്നാം നിലയിൽ താലൂക്ക് ഓഫീസും രണ്ടാംനിലയിൽ എക്സൈസ് ഓഫീസും സഹകരണ എആർ ഓഫീസും മൂന്നാം നിലയിൽ ഭക്ഷ്യ സുരക്ഷാ വകുപ്പ്, ലേബർ ഓഫീസുകൾക്കും സൗകര്യം ഒരുക്കും. നാലാംനിലയിൽ പൊതുമരാമത്ത് റോഡ്, കെട്ടിട വിഭാഗം ഓഫീസുകളും കോൺഫറൻസ് ഹാളുമാണ് ഒരുക്കുക. വയനാട് ഹിൽട്രാക്ക് കൺസ്ട്രക്ഷൻ പ്രൈവറ്റ് ലിമിറ്റഡാണ് മിനി സിവിൽ സ്റ്റേഷൻ കെട്ടിട നിർമാണത്തിന്റെ കരാറുകാർ. ഡിസംബർ അവസാനത്തോടെ മിനി സിവിൽ സ്റ്റേഷൻ വിവിധ ഓഫീസുകൾക്കായി വിട്ടുനൽകാൻ സാധിക്കും. ഉദ്ഘാടനം ഡിസംബർ അവസാനമോ പുതുവർഷാരംഭത്തിലോ നടത്താനുള്ള ഒരുക്കത്തിലാണ് അധികൃതർ. പഴശ്ശി ജലസേചന വിഭാഗം റവന്യൂവകുപ്പിന് വിട്ടുനൽകിയ ഒരേക്കർ സ്ഥലത്താണ് താലൂക്കാസ്ഥാനത്തിന് മന്ദിരം ഉയർന്നത്.
