ശബരിമലയിൽ ദർശനം ലഭിക്കാതെ മടങ്ങിയ തീർത്ഥാടകരെ തിരികെ വിളിച്ച് ദര്‍ശനമൊരുക്കി പൊലീസ്

Share our post

ശബരിമല: കനത്ത തിരക്ക് കാരണം ദർശനം നടത്താതെ മടങ്ങിപ്പോയ കൊല്ലം സ്വദേശികളായ തീർത്ഥാടക സംഘത്തെ തിരിച്ചുവിളിച്ച് ദർശനത്തിന് വഴിയൊരുക്കി പൊലീസ്. വിര്‍ച്വല്‍ ക്യൂ പാസുണ്ടായിട്ടും തിരക്ക് മൂലം ശബരിമലയില്‍ ദര്‍ശനം നടത്താന്‍ കഴിയില്ലെന്ന് കരുതി മടങ്ങിയ മുതിര്‍ന്ന സ്ത്രീകളും കുട്ടികളും ഉള്‍പ്പടെയുള്ള സംഘത്തിനാണ്‌ കേരള പൊലീസ് ദർശനമൊരുക്കിയത്. കൊല്ലം കല്ലമ്പലം സ്വദേശി ഗിരിജ മുരളിയും രണ്ട് കുട്ടികളും ഉള്‍പ്പെടെയുള്ള എട്ടംഗ സംഘത്തിനാണ് എ ഡി ജി പി എസ് ശ്രീജിത്തിന്റെ നേതൃത്വത്തില്‍ ദര്‍ശന സൗകര്യമൊരുക്കിയത്. ഇവര്‍ ഉള്‍പ്പെടെയുള്ള 17 പേരാണ് കൊല്ലത്ത് നിന്ന് ഇന്നലെ പമ്പയില്‍ എത്തിയത്. എന്നാല്‍ ഭക്തജനതിരക്കും ആരോഗ്യപരമായ കാരണങ്ങളാലും ഗിരിജ ഉള്‍പ്പെടെ ആറ് സ്ത്രീകളും രണ്ടു കുട്ടികളും നിലയ്ക്കലിലേക്ക് തിരിച്ചു പോവുകയായിരുന്നു.സംഭവം ശ്രദ്ധയില്‍പെട്ടയുടനെ ശബരിമല പൊലീസ് ചീഫ് കോ-ഓര്‍ഡിനേറ്റര്‍ കൂടിയായ എഡിജിപി പൊലീസ് ഉദ്യോഗസ്ഥരോട് ഇവര്‍ക്ക് ദര്‍ശനം ഉറപ്പാക്കാനുള്ള നടപടിക്ക് നിര്‍ദ്ദേശിച്ചു. തുടര്‍ന്ന് ഇവര്‍ പൊലീസിന്റെ സഹായത്തോടെ സന്നിധാനത്ത് എത്തുകയും മനം നിറഞ്ഞ് തൊഴുകയും ചെയ്തു. ദര്‍ശനത്തിന് ശേഷം പൊലീസിനും സർക്കാരിനും നന്ദി പറഞ്ഞാണ് ഇവര്‍ മലയിറങ്ങിയത്. നവംബര്‍ 18ന് പാസ് എടുക്കാതെ ചിലര്‍ എത്തിയതുമൂലം ചെറിയ ബുദ്ധിമുട്ടുണ്ടായി. ഇതുമൂലം ആരോഗ്യപ്രശ്‌നങ്ങളുള്ള ഏതാനും തീര്‍ഥാടകര്‍ ദര്‍ശനം കിട്ടാതെ മടങ്ങിയത് ശ്രദ്ധയില്‍പെട്ടു. തുടര്‍ന്നാണ് ഇവര്‍ക്ക് സൗകര്യം ഒരുക്കിയത്. വിര്‍ച്വല്‍ ക്യൂ പാസ് എടുത്ത് കൃത്യമായ ദിവസം എത്തുന്ന എല്ലാ തീർഥാടകര്‍ക്കും ദര്‍ശനം ഉറപ്പാക്കുമെന്നും എ ഡിജിപി എസ് ശ്രീജിത്ത് പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!