വയോധികന്‍റെ മാല കവർന്ന കേസിൽ രണ്ടു പേർ കൂടി അറസ്റ്റിൽ
ശ്രീകണ്ഠപുരം: മദ്യലഹരിയില്‍ കിടന്നുറങ്ങുകയായിരുന്ന വയോധികന്റെ മാല കവര്‍ന്ന കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റില്‍. നടുവിൽ പാലേരിത്തട്ടിലെ കൊട്ടാരത്തില്‍ സജി എന്ന ഡോളി (52), മണ്ടളം സ്വദേശി കണ്ണാവീട്ടില്‍ ബിനോയ് (41) എന്നിവരെയാണ് തളിപ്പറമ്പ് ഡിവൈ.എസ്.പി കെ.ഇ. പ്രേമചന്ദ്രന്റെ നിർദേശ പ്രകാരം കുടിയാന്‍മല ഇൻസ്പെക്ടർ എം.എന്‍. ബിജോയി, എസ്.ഐ എം.ജെ. ബെന്നി എന്നിവർ ചേർന്ന് അറസ്റ്റ് ചെയ്തത്. കേസില്‍ തിങ്കളാഴ്ച നടുവില്‍ സ്വദേശി കെ.ആര്‍. രാജേഷ് കിഴക്കിനടിയിലിനെ (45) അറസ്റ്റ് ചെയ്തിരുന്നു. മണ്ടളം ഉറുമ്പടയിലെ ഒ.എം. ഫ്രാന്‍സിസിന്റെ (67) മൂന്നേകാല്‍ പവന്റെ മാല കവര്‍ന്ന കേസിലാണ് അറസ്റ്റ്. കഴിഞ്ഞമാസം രാജേഷിന്റെ വീട്ടില്‍വെച്ച് ഭിന്നശേഷിക്കാരനായ ഫ്രാന്‍സിസും രാജേഷും സജിയും ബിനോയിയും മദ്യപിച്ചിരുന്നു. തുടർന്ന് ഫ്രാന്‍സിസ് ഉറങ്ങിയശേഷം കഴുത്തിലുണ്ടായിരുന്ന മാല തട്ടിയെടുക്കുകയായിരുന്നു. രാജേഷിനെ പിടികൂടിയശേഷം ചോദ്യംചെയ്തപ്പോഴാണ് മറ്റ് രണ്ടുപേര്‍ക്കുകൂടി കവര്‍ച്ചയില്‍ പങ്കുണ്ടെന്ന് മനസിലാക്കിയത്. തട്ടിയെടുത്ത സ്വര്‍ണം ഒരു ജ്വല്ലറിയില്‍ വിറ്റ് മൂന്നേകാല്‍ ലക്ഷം രൂപ കൈപ്പറ്റി. എസ്.ഐമാരായ പ്രകാശന്‍, ചന്ദ്രന്‍, എ.എസ്.ഐമാരായ സി.എച്ച്. സിദിഖ്, കെ.പി. മുസ്തഫ, ബിജു, സീനിയര്‍ സി.പി.ഒ നജീബ്, സി.പി.ഒ പ്രമോദ് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി.
