ഓട്ടോക്കാർ ഒറ്റക്കെട്ടാണ്; വേണം കുഴികളില്ലാത്ത റോഡുകൾ

Share our post

കണ്ണൂർ: തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കക്ഷിഭേദമെന്യേ ഓട്ടോത്തൊഴിലാളികൾ ഒരുവിഷയത്തിൽ ഒറ്റക്കെട്ടാണ്; പൊട്ടിപ്പൊളിഞ്ഞ റോഡുകൾ. അവ ചൂണ്ടിക്കാട്ടി പ്രതിഷേധത്തിന്റെ ചൂടറിയിക്കുന്നു. ഫണ്ട് തദ്ദേശസ്ഥാപനത്തിന്റെയോ എംഎൽഎയുടെയോ പിഡബ്ല്യുഡിയുടെയോ ആയാലും റോഡ് നന്നാക്കണം. പരസ്പരം പഴിചാരൽ നിർത്തണം. കോർപ്പറേഷൻ പരിധിയിലെ റോഡ് പലതും പൊട്ടിപ്പൊളിഞ്ഞിട്ട് മാസങ്ങളായെന്ന് മുണ്ടേരി സ്വദേശി സി.വി.സുരേശൻ. പാറക്കണ്ടി റോഡും ഒണ്ടേൻ റോഡുമാണ് വലിയ പ്രശ്നം. വണ്ടിക്കും നടുവിനും ഒരുപോലെ പണികിട്ടുന്നു. പറഞ്ഞ് മടുത്തു -സുരേശന്റെ പ്രതിഷേധം അടങ്ങുന്നില്ല.

എല്ലാ വർഷവും തിരഞ്ഞെടുപ്പ് വേണമെന്നാണ് അഴീക്കോട്ടെ ആയങ്കി പ്രമോദിന്റെ അഭിപ്രായം. എന്നാലെ ജയിച്ചുകയറുന്നവർ ഉത്തരവാദിത്വം മറക്കാതിരിക്കൂവെന്ന് പ്രമോദ് കൂട്ടിച്ചേർത്തു. റോഡ് പലതും മോശമാണ്. മോശം റോഡിലൂടെ പോയാൽ അഞ്ച് രൂപ അധികം ചോദിച്ചെന്നിരിക്കട്ടെ, യാത്രക്കാർ പ്രശ്നമുണ്ടാക്കും. പുറത്തുനിന്നെത്തുന്ന ഓട്ടോകൾ പലയിടത്തുനിന്നും ആളുകളെയെടുക്കുന്നു. ഞങ്ങളുടെ പ്രശ്‌നം പറയാനും സംരക്ഷിക്കാനും ആരുമില്ല -പ്രമോദിന്റെ രോഷം തിളച്ചുമറിയുന്നു. ‘കക്ഷിരാഷ്ട്രീയത്തിന് സ്ഥാനമില്ല’ തദ്ദേശ തിരഞ്ഞെടുപ്പായതിനാൽ കക്ഷിരാഷ്ട്രീയത്തിന് വലിയ സ്ഥാനമില്ലെന്നാണ് അഴീക്കോട്ടെ എം.പി.അബ്ദുൾ റസാഖിന്റെ വാദം. നാട്ടിൽ നന്നായി പ്രവർത്തിക്കുന്ന സ്ഥാനാർഥി ആരെന്ന് നോക്കിയാകും വോട്ടുവീഴുക. ഉറച്ച പാർട്ടിപ്രവർത്തകർ മാത്രമായിരിക്കും പാർട്ടിയും മുന്നണിയുമൊക്കെ നോക്കി വോട്ട് ചെയ്യുക -റസാഖ് പറഞ്ഞു. തുടർന്ന്, ഉപദേശം മാധ്യമങ്ങളോടാണ്. അവർക്കാണ് പൊതുപ്രശ്‌നങ്ങൾ വ്യക്തമായും ശക്തമായും ചൂണ്ടിക്കാട്ടാനാകുക. അവ കണ്ടെത്തി നന്നായി ചെയ്യണം-റസാഖ് പറഞ്ഞു. ചക്കരക്കൽ സ്വദേശി വി.വി.പ്രകാശ് ടൗണിൽ ഓട്ടോ ഓടിക്കാൻ തുടങ്ങിയിട്ട് കുറേ വർഷമായി. തകർന്ന റോഡുകൾ തന്നെയാണ് പ്രകാശന്റെയും പ്രശ്‌നം. വണ്ടിക്ക് കണ്ടമാനം പണി വരുന്നു -പ്രകാശ് സങ്കടത്തിന്റെ കെട്ടഴിച്ചു.

‘സ്ഥാനാർഥിപ്പട്ടിക വരട്ടെ’

കസാനക്കോട്ടയിലെ മുഹമ്മദ് ബിലാൽ ഓട്ടോ ഡ്രൈവറുടെ കുപ്പായമണിഞ്ഞിട്ട് രണ്ടാഴ്ചയായിട്ടേയുള്ളു. വിദൂരവിദ്യാഭ്യാസം വഴി ബി കോമിന് പഠിക്കുന്നുണ്ട്. മൂന്നാംവർഷ വിദ്യാർഥിയാണ്. ഓട്ടോക്കാർ നേരിടുന്ന പ്രശ്‌നങ്ങൾ അറിഞ്ഞുതുടങ്ങിയിട്ടേയുള്ളു. അതുകൊണ്ട് ഇപ്പോൾ പറയാനൊന്നുമില്ല. ആറ്റടപ്പയിലെ പി.പ്രകാശന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പറയാനുണ്ടെങ്കിലും തത്കാലം അഭിപ്രായമൊന്നുമില്ല. സ്ഥാനാർഥി പട്ടിക വരട്ടെ, എന്നിട്ടാകാം -പ്രകാശൻ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!