വാഹനങ്ങളെത്തുന്നില്ല കോർപറേഷന്റെ കാർ പാര്‍ക്കിങ് കേന്ദ്രം എപ്പോഴും തറ ലെവൽ

Share our post

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ആരംഭിച്ച മൾട്ടി ലെവൽ കാർപാര്‍ക്കിങ് കേന്ദ്രത്തിൽ പാർക്ക് ചെയ്യാൻ വാഹന ഉടമകൾക്ക്‌ വിമുഖത. നഗരത്തിലെ അനധികൃത വാഹന പാർക്കിങ്ങിന് പരിഹാരമൊരുക്കാൻ നിർമിച്ച മൾട്ടി ലെവൽ കാർ പാര്‍ക്കിങ്‌ കേന്ദ്രം ഏറെക്കാലം വെറുതെയിട്ട്‌ തുരുന്പെടുത്തശേഷമാണ്‌ തുറന്നത്‌. നിർമാണത്തിൽ ക്രമക്കേടുകൾ നടന്നതായും ആരോപണമുയർന്നിരുന്നു. ഇതാണ്‌ വാഹന ഉടമകൾ ഉപയോഗപ്പെടുത്താൻ വിമുഖത കാണിക്കുന്നത്‌. കണ്ണൂർ ജവഹർ സ്റ്റേഡിയത്തിന് സമീപത്തെ കാർ പാർക്കിങ് കേന്ദ്രം ഉദ്ഘാടനം കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പ്രതിദിനം പത്തിൽ താഴെ വാഹനങ്ങൾ മാത്രമാണ് എത്തുന്നത്. ഇതുതന്നെ താഴത്തെ ലെവലിൽ വച്ചാൽ മതിയെന്നാണ്‌ വാഹന ഉടമകളുടെ നിർദേശം. ആദ്യത്തെ ഒരാഴ്ച സൗജന്യ പാർക്കിങ് അനുവദിച്ചിട്ടുപോലും ഏതാനും വാഹനങ്ങൾ മാത്രമാണ് പാർക്കിങ്ങിന് എത്തിയത്. പാര്‍ക്കിങ് കേന്ദ്രത്തില്‍ ആറുനിലകളിലായി നാല് യൂണിറ്റുകളാണ് പ്രവര്‍ത്തിക്കുന്നത്. ഒരോ നിലകളിലും 31 വീതം കാറുകള്‍ പാര്‍ക്ക് ചെയ്യാം. ഒരേ സമയം 124 കാറുകള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യമുണ്ട്. എന്നാല്‍, നഗരത്തിലെത്തുന്ന വാഹന ഉടമകൾ ഇവിടെ പാര്‍ക്ക് ചെയ്യാന്‍ താല്‍പര്യപ്പെടുന്നില്ല. വാഹനങ്ങള്‍ സുരക്ഷിതമായിരിക്കില്ലെന്ന ആശങ്കയാണ് പലര്‍ക്കും. കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്‍ കിഴക്കേ കവാടത്തിന് സമീപത്ത് തന്നെയായിട്ടും റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നവര്‍ പോലും ഇവിടെ വാഹനം പാര്‍ക്കിങ്ങിന്‌ ഉപയോഗപ്പെടുത്തുന്നില്ല. കണ്ണൂർ ജവഹർ സ്റ്റേഡിയം പരിസരത്തും പൊലീസ് പരേഡ്‌ ഗ്രൗണ്ടിന് സമീപവും അനധികൃത പാര്‍ക്കിങ് വര്‍ധിക്കുകയാണ്. കണ്ണൂര്‍ ജവഹര്‍ സ്റ്റേഡിയത്തില്‍ സുപ്പര്‍ ലീഗ് കേരള മത്സരം നടന്നപ്പോള്‍ നിരവധി വാഹനങ്ങൾ കണ്ണൂരിലേക്ക് എത്തിയിരുന്നു. മത്സരത്തിന് എത്തിയവരാരും കാര്‍ പാര്‍ക്കിങ് കേന്ദ്രം ഉപയോഗിച്ചില്ല. ഇ‍ൗ സമയങ്ങളിലെല്ലാം റോഡിന് ഇരുവശവും അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിടുകയായിരുന്നു. കണ്ണൂര്‍ ബാങ്ക് റോഡിലെ പീതാംബര പാര്‍ക്കിലും കോര്‍പ്പറേഷന്‍ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം നിര്‍മിച്ചിരുന്നു. അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 12.4 കോടി രൂപ ചെലവഴിച്ചായിരുന്നു രണ്ട് പാര്‍ക്കിങ് കേന്ദ്രങ്ങളും നിര്‍മിച്ചത്. ബാങ്ക് റോഡിലെ പാര്‍ക്കിങ് കേന്ദ്രം ഉടന്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും ഉദ്ഘാടനം ഇതുവരെ നടന്നിട്ടില്ല. 2020 ഒക്ടോബര്‍ 11 നാണ് കാര്‍ പാര്‍ക്കിങ് കേന്ദ്രം നിര്‍മാണം തുടങ്ങിയത്. എന്നാല്‍, കോര്‍പറേഷന്‍ അധികൃതരുടെ അനാസ്ഥയാല്‍ പ്രവൃത്തി അനന്തമായി നീണ്ടു. ട്രയല്‍ റണ്‍ കഴിഞ്ഞിട്ട് പോലും ഉദ്ഘാടനം വൈകി. കാര്‍ പാര്‍ക്കിങ് കേന്ദ്രം നോക്കുകുത്തിയാക്കുന്നതില്‍ പ്രതിഷേധം കനത്തതോടെയാണ് പ്രവൃത്തി പൂര്‍ത്തിയാക്കി ധൃതിപ്പെട്ട് ഉദ്ഘാടനം നടത്തിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!