പേരാവൂരിൽ പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് പ്രചാരണം
പേരാവൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ പേരാവൂർപഞ്ചായത്തിൽ യുഡിഎഫ് പ്രസിഡന്റ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചു. ചെവിടിക്കുന്ന് വാർഡിൽ ജനവിധി തേടുന്ന കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജൂബിലി ചാക്കോ വിജയിക്കുകയും പഞ്ചായത്ത് ഭരണം ലഭിക്കുകയും ചെയ്താൽ പ്രസിഡന്റാക്കുമെന്നാണ് യുഡിഎഫ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചത്.
സമാന രീതിയിൽ പ്രഖ്യാപനം നടത്താൻ 68 വർഷമായി പഞ്ചായത്ത് ഭരിക്കുന്ന എൽഡിഎഫ് നേതൃത്വത്തെ വെല്ലുവിളിക്കുന്നതായും നേതാക്കൾ പറഞ്ഞു. വികസന മുരടിപ്പാണ് പഞ്ചായത്തിലെന്നും യുഡിഎഫ് ഭരണത്തിലെത്തിയാൽ പേരാവൂരിൽ സമഗ്ര വികസനം നടപ്പിലാക്കുമെന്നും നേതാക്കൾ പറഞ്ഞു.
പത്രസമ്മേളനത്തിൽ യുഡിഎഫ് നേതാക്കളായ ബൈജു വർഗീസ്, ജൂബിലി ചാക്കോ, അഡ്വ.ഷഫീർ ചെക്ക്യാട്ട്, സിറാജ് പൂക്കോത്ത്, പി.പി.ഷമാസ്, ഹരിദാസൻ ചോടത്ത് എന്നിവർ സംസാരിച്ചു.
