തദ്ദേശ തിരഞ്ഞെടുപ്പ്;വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍ക്കും അനുമതി വാങ്ങണം

Share our post

തിരുവനന്തപുരം :തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മാതൃകാ പെരുമാറ്റച്ചട്ടം പ്രകാരം വാഹന പ്രചാരണത്തിനും പൊതുയോഗങ്ങള്‍, പ്രകടനങ്ങള്‍, എന്നിവയ്ക്കും പോലീസ് അധികാരികളില്‍ നിന്ന് മുന്‍കൂട്ടി അനുമതി വാങ്ങണം. തിരഞ്ഞെടുപ്പ് പ്രചാരണം നിയമാനുസൃതവും കമ്മീഷന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് വിധേയവുമായിരിക്കണം. ഉച്ചഭാഷിണി ഉപയോഗം രാത്രി 10 മണിക്ക് ശേഷം രാവിലെ ആറ് മണിവരെ പാടില്ല. നിയമാനുസൃതമായ ശബ്ദപരിധി പാലിച്ചായിരിക്കണം പ്രചാരണ പ്രവര്‍ത്തനം നടത്തേണ്ടത്.

സ്ഥാനാര്‍ഥികളും രാഷ്ട്രീയ പാര്‍ട്ടികളും അച്ചടിക്കുന്ന പോസ്റ്ററുകളിലും ലഘുലേഖകളിലും അച്ചടിക്കാരന്റെയും പ്രസാധകന്റെയും പേരും വിലാസവും കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണം. അച്ചടിക്കുന്ന രേഖയുടെ പകര്‍പ്പും പ്രസാധകന്റെ പ്രഖ്യാപനവും ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് നല്‍കിയിരിക്കണം.

ജാതിയുടെയോ സമുദായത്തിന്റെയോ ഭാഷയുടെയോ പേരില്‍ വോട്ട് ചോദിക്കുകയോ മതസ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കാനോ പാടില്ല. മതപരമോ വംശപരമോ സമുദായപരമോ ഭാഷാപരമോ ആയ സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നതും പരസ്പര വിദ്വേഷം ജനിപ്പിക്കുന്നതുമായ പ്രചാരണപ്രവര്‍ത്തനങ്ങളും പാടില്ല. മറ്റു സ്ഥാനാര്‍ഥികളുടെയോ പ്രതിപക്ഷപാര്‍ട്ടി പ്രവര്‍ത്തകരുടെയോ സ്വകാര്യ ജീവിതവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങളും പാടില്ല.

കേന്ദ്രത്തിലോ സംസ്ഥാനത്തിലോ തദ്ദേശ സ്ഥാപനങ്ങളിലോ അധികാരത്തിരിക്കുന്ന കക്ഷി ഔദ്യോഗിക സ്ഥാനം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വിനിയോഗിക്കരുത്. മന്ത്രിമാര്‍, എംപിമാര്‍, എംഎല്‍എമാര്‍, മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ തങ്ങളുടെ വിവേചനാധികാരം ഉപയോഗിച്ച് ആനുകൂല്യങ്ങള്‍ നല്‍കുകയോ പ്രഖ്യാപനങ്ങള്‍ നടത്തുകയോ ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുകയോ ചെയ്യാന്‍ പാടില്ല. പുതിയ പദ്ധതികളോ സ്‌കീമുകളോ ആരംഭിക്കുകയോ ഉദ്ഘാടനം നടത്തുകയോ പാടില്ല. പൊതു സ്ഥാപനങ്ങളും പരിസരവും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളും സ്ഥാപനങ്ങളും വികൃതമാക്കുന്ന തരത്തിലുള്ളതും അനധികൃതവുമായ പ്രചാരണങ്ങള്‍ ആന്റിഡീഫേയ്സ്മെന്റ് സ്‌ക്വാഡ് മോണിറ്റര്‍ ചെയ്ത് നടപടി എടുക്കും. പരസ്യപ്രചാരണം വോട്ടെടുപ്പ് അവസാനിക്കുന്ന സമയത്തിന് 48 മണിക്കൂര്‍ മുമ്പ് വരെ മാത്രമെ പാടുളളൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!