എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണം; സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍
തിരുവനന്തപുരം: എസ്ഐആറിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളില്‍ നില്‍ക്കേ ധൃതിപ്പെട്ട് എസ്ഐആര്‍ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികള്‍ നിര്‍ത്തിവെക്കണമെന്നും രാഷ്ട്രീയ പാര്‍ട്ടികള്‍ ഒരുപോലെ ആവശ്യപ്പെട്ടതാണ്. എന്നിട്ടും തെരഞ്ഞെടുപ്പ് കമ്മീഷന് എസ്ഐആര്‍ തിരക്കിട്ട് നടപ്പാക്കുന്നതിന് പിന്നില്‍ ദുരുദ്ദ്യേശമുണ്ടെന്നാണ് ആരോപണം. അമിത ജോലിഭാരം മൂലമാണ് കണ്ണൂരിലെ ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത്. തെരഞ്ഞെടുപ്പ് കമ്മീഷന് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ എന്യൂമറേഷന് ജോലികള്‍ പൂര്‍ത്തിയാക്കാന്‍ ഒരു മാസം സമയം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ജില്ലാ കലക്ടര്‍മാരും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ട് ദിവസത്തിനകം ജോലി പൂര്‍ത്തിയാക്കണമെന്ന് ബിഎല്‍ഒമാര്‍ക്ക് ഇപ്പോള്‍ അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. നൂറുകണക്കിന് വീടുകള്‍ കയറി ആയിരക്കണക്കിന് വോട്ടര്‍മാരുടെ എന്യൂമറേഷന് ഫോമുകള്‍ പൂരിപ്പിച്ച് ശേഷം വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്യുന്ന ജോലികള്‍ ചെയ്യാന്‍ ബിഎല്‍ഒമാര്‍ക്ക് മതിയായ സമയം ലഭിക്കേണ്ടതുണ്ട്. ബിഎല്‍ഒമാര്‍ക്ക് തങ്ങളുടെ ജോലിത്തിരക്കുകള്‍ക്കിടയില്‍ തദ്ദേശ തെരഞ്ഞെടുപ്പ് ചുമതലകളും നിര്‍വഹിക്കേണ്ടതുണ്ടെന്നതാണ് രാഷ്ട്രീയ പാര്‍ട്ടികാള്‍ പറയുന്നത്. നവംബര്‍ നാല് മുതലാണ് സംസ്ഥാനത്ത് എസ്ഐആര്‍ നടപടികള്‍ ആരംഭിച്ചിരുന്നത്. ഡിസംബര്‍ നാലിനുള്ളില്‍ എന്യൂമറേഷന് വിതരണം പൂര്‍ത്തിയാക്കുമെന്നായിരുന്നു മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്. എസ്ഐആര്‍ നടപടികള്‍ നീട്ടിവെക്കാന്‍ കഴിയില്ലെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നത്.
