തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ പ്രസിദ്ധീകരിച്ചു
കണ്ണൂർ: ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ (https://edrop.sec.kerala.gov.in) പ്രസിദ്ധീകരിച്ചതായി ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കലക്ടർ അറിയിച്ചു. പോളിംഗ് ഡ്യൂട്ടിക്ക് നിയമനം ലഭിച്ച ഉദ്യോഗസ്ഥർക്ക് നിയമന ഉത്തരവ് എസ്എംഎസ് വഴി ലഭിക്കുന്നതാണ്. നിയമനം ലഭിച്ചവർക്ക് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽ നൽകിയ മൊബൈൽ നമ്പർ ഉപയോഗിച്ച് ലോഗിൻ ചെയ്യാവുന്നതും നിയമന ഉത്തരവിന്റെ പകർപ്പ് ലഭിക്കുന്നതുമാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർ അവരുടെ ഫോട്ടോ, ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് എന്നിവ ഇ-ഡ്രോപ്പ് സോഫ്റ്റ്വെയറിൽ നിർബന്ധമായും അപ്ഡേറ്റ് ചെയ്യേണ്ടതാണ്. ഇവർക്ക് പോസ്റ്റൽ വോട്ടിന് വേണ്ടിയുള്ള ഫോറം 15 ഡൗൺലോഡ് ചെയ്യാവുന്നതാണ്. പോളിംഗ് ഡ്യൂട്ടി ലഭിച്ച പ്രിസൈഡിംഗ് ഓഫീസർ, പോളിംഗ് ഓഫീസർ-1 എന്നിവർക്കുള്ള പരിശീലന പരിപാടി നവംബർ 25 മുതൽ 28 വരെ നടത്തുന്നതാണ്. എല്ലാ സ്ഥാപന മേധാവികളും പോളിംഗ് ഡ്യൂട്ടി ലഭിച്ച ഉദ്യോഗസ്ഥർക്കുള്ള നിയമന ഉത്തരവ് ഇ-ഡ്രോപ്പ് സോഫ്റ്റ് വെയറിൽനിന്ന് എടുത്ത് നൽകി ആയത് സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതാണെന്നും അറിയിച്ചു.
