സൈബര്‍ തട്ടിപ്പ്: യുവാവിന് അരക്കോടിയിലധികം നഷ്ടം
കണ്ണൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് സൈബർ തട്ടിപ്പു സംഘത്തിന്റെ കെണിയിൽപെട്ട എടക്കാട് സ്വദേശിയായ യുവാവിന് അരക്കോടിയിലധികം രൂപ നഷ്ടമായി. എടക്കാട് സ്വദേശിയായ 43 കാരന്റെ പരാതിയിൽ കണ്ണൂർ സൈബർ ക്രൈം പൊലീസ് കേസെടുത്തു. ഇറ്റലിയിൽ ഹെഡ് ഷെഫ് ജോലി വാഗ്ദാനം നൽകിയാണ് വിവിധ കാലയളവുകളിലായി 53.94 ലക്ഷം രൂപയാണ് വിവിധ അക്കൗണ്ടുകളിലായി തട്ടിപ്പുസംഘം തട്ടിയെടുത്തത്. വിസ ശരിയാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം 2023 ഡിസംബർ 18 മുതൽ 2025 ജൂലൈ 30വരെ കാലയളവിലായി വാട്സ്ആപ് വഴിയും ഇ-മെയിൽ വഴിയും യുവാവിനെ നിരന്തരം ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്തിയത്. തുടർന്ന് നിക്ഷേപിച്ച പണമോ വാഗ്ദാനം ചെയ്ത ജോലിയോ ലഭ്യമാകാത്തതിനെ തുടർന്ന് യുവാവ് സൈബർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
