ഡീലിമിറ്റേഷൻ കമ്മീഷൻ വിജ്ഞാപനം : അപ്പീലുകൾ ഡിവിഷൻ ബെഞ്ച് തള്ളി

Share our post

തിരുവനന്തപുരം : തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ വാർഡ് വിഭജനത്തിനായി സംസ്ഥാന ഡീലിമിറ്റേഷൻ കമ്മീഷൻ പുറപ്പെടുവിച്ച അന്തിമ വിജ്ഞാപനങ്ങൾക്കെതിരായ എല്ലാ റിട്ട് അപ്പീലുകളും കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ഒക്ടോബർ ഏഴിനും 13 നും വന്ന സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഹർജിക്കാർ ഡിവിഷൻ ബെഞ്ചിന് നൽകിയ അപ്പീലുകളാണ് ഹൈക്കോടതി തള്ളുകയും സിംഗിൽ ബെഞ്ച് വിധി ശരിവെയ്ക്കുകയും ചെയ്തത്. നിയമപരമായി നിലനിൽക്കുന്നതല്ലെന്ന കാരണത്താൽ 103 ഹർജികളാണ് സിംഗിൾ ബെഞ്ച് കോടതി നേരത്തെ നിരസിച്ചത്. ഹർജികളിൽ ഉന്നയിച്ച പരാതികളെല്ലാം സമാനസ്വഭാവമുള്ളതാണെന്ന നിഗമനത്തിൽ കോടതി എല്ലാ ഹർജികളെയും ഒരുമിച്ചാണ് പരിഗണിച്ചത്. ഭരണഘടനയുടെ അനുഛേദം 243 O(a) ,243ZG പ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഉത്തരവുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ പാടില്ലാത്തതാണെന്നും സിംഗിൾ ബെഞ്ച് നിരീക്ഷിച്ചിരുന്നു. ഹർജികൾക്കെതിരായി ഡീലിമിറ്റേഷൻ കമ്മീഷൻ ഉന്നയിച്ച പ്രാഥമികമായ വാദങ്ങൾക്കെല്ലാം നിയമപരമായ സാധുത ഉണ്ടെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സിംഗിൾ ബെഞ്ചിന്റെ ഉത്തരവും നിരീക്ഷണങ്ങളും ശരിവച്ചുകൊണ്ടാണ് ഡിവിഷൻ ബെഞ്ച് അപ്പീലുകളെല്ലാം തള്ളിയത്. ഡീലിമിറ്റേഷൻ കമ്മീഷന് വേണ്ടി സ്റ്റാന്റിങ് കൗൺസൽ അഡ്വ. ദീപു ലാൽ മോഹൻ ഹാജരായി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!