ദുബൈ എയർഷോ ഇന്ന് മുതൽ
ദുബൈ: ദുബൈ എയർഷോ 2025 ന് ഒരുക്കം പൂർത്തിയായതായി ദുബൈ പോലീസ് അറിയിച്ചു. ഇന്ന് മക്തൂം വിമാനത്താവളം കേന്ദ്രീകരിച്ച് എയർഷോ ആരംഭിക്കുക. മേഖലയിലെ ഏറ്റവും വലിയ കമ്പനികളെയും വിമാനക്കമ്പനികളെയും ഒരു കുടക്കീഴിൽ അണിനിരത്തുന്ന പ്രധാന വ്യോമയാന പരിപാടിയാണിത്. രണ്ട് വർഷത്തിലൊരിക്കൽ നടക്കുന്ന ഈ പ്രദർശനം ആയുധ വ്യവസായത്തിനും ഒരു വേദി കൂടിയാണ്. ഈ വർഷം, 150 രാജ്യങ്ങളിൽ നിന്നുള്ള വ്യോമയാന, ബഹിരാകാശ, പ്രതിരോധ മേഖലകളിലെ 1,500- ലധികം പ്രത്യേക കമ്പനികൾ പ്രദർശനത്തിൽ പങ്കെടുക്കും. ഏകദേശം 1,48,000 സന്ദർശകർ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. “ഭാവി ഇവിടെ ആരംഭിക്കുന്നു’ എന്ന പ്രമേയത്തിൽ നവംബർ 21 വെള്ളിയാഴ്‌ച വരെയാണ് പരിപാടി. സുരക്ഷ ഉറപ്പാക്കാൻ, 1,200-ലധികം പോലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. പരിപാടി സുരക്ഷിതമാക്കുന്നതിനും സുരക്ഷാ നടപടികളും പ്രോട്ടോക്കോളുകളും നിർണയിക്കുന്നതിനുമായി സംഘാടക സമിതി പ്രവർത്തനങ്ങൾ നടത്തിയതായി ദുബൈ പോലീസിലെ ഓപ്പറേഷൻസ് അസിസ്റ്റൻ്റ് കമാൻഡർ-ഇൻ-ചീഫും സംഘാടക സമിതി ചെയർമാനുമായ മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്‌റൂഇ പറഞ്ഞു.
