ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡ് ട്രിപ്പിൾ ജമ്പ് താരം എൽദോസ് പോളിന്

Share our post

പേരാവൂർ (കണ്ണൂർ): കേരളത്തിലെ മികച്ച കായിക താരത്തിനുള്ള 37-മത് ജിമ്മിജോർജ് ഫൗണ്ടേഷൻ അവാർഡിന് അർജുന അവാർഡ് ജേതവും ട്രിപ്പിൾ ജമ്പ് താരവുമായ എൽദോസ് പോൾ അർഹനായി. ഒരു ലക്ഷം രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ജോസ് ജോർജ് ചെയർമാനും അഞ്ജു ബോബി ജോർജ്, റോബർട്ട് ബോബി ജോർജ്, സെബാസ്റ്റ്യൻ ജോർജ്, സ്റ്റാൻലി ജോർജ് എന്നിവർ അംഗങ്ങളുമായുള്ള കമ്മിറ്റിയാണ് ജേതാവിനെ തിരഞ്ഞെടുത്തത്.

ഇന്ത്യൻ വോളിബോൾ ഇതിഹാസം ജിമ്മി ജോർജിന്റെ സ്മരണയ്ക്കായി 1989-ലാണ് ഫൗണ്ടേഷൻ അവാർഡ് ഏർപ്പെടുത്തിയത് . 2022-ലെ ബർമിങ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയതോടെയാണ് എൽദോസ് അന്താരാഷ്‌ട്ര രംഗത്ത് ശ്രദ്ധയാകർഷിച്ചത്. 2022-ൽ അമേരിക്കയിലെ ഒറിഗോണിലും 23-ൽ ബുഡാപെസ്റ്റിലും നടന്ന ലോക അത് ലറ്റിക്സ് ചാംപ്യൻഷിപ്പുകളിൽ പങ്കെടുത്ത എൽദോസ് 2022-ൽ ഫൈനലിൽ ഒൻപതാം സ്ഥാനം കരസ്ഥമാക്കി.2024-ൽ ജർമനിയിലും ഫ്രാൻസിലും സ്ലോവാക്കിയയിലും നടന്ന അന്തർദേശീയ മത്സരങ്ങളിൽ രണ്ടു സ്വർണവും ഒരു വെള്ളിയും രണ്ടു വെങ്കലവും നേടി. കഴിഞ്ഞ നാല് വർഷത്തിനിടയിൽ നടന്ന ദേശീയ തല മത്സരങ്ങളിൽ നിരവധി മെഡലുകൾ കരസ്ഥമാക്കിയിട്ടുള്ള എൽദോസിന്റെ മികച്ച ദൂരം കോമൺവെൽത്ത് ഗെയിംസിലെ 17.03 മീറ്ററാണ്. 2022-ൽ രാജ്യം അർജുന അവാർഡ് നൽകി ആദരിച്ചു.
കോമൺവെൽത്ത് ഗെയിംസിൽ വ്യക്തിഗത ഇനത്തിൽ സ്വർണ്ണം നേടിയിട്ടുള്ള ഏക മലയാളിയായ എൽദോസ് കോലഞ്ചേരി സ്വദേശിയാണ്. കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും മറിയക്കുട്ടിയുടെയും മകൻ. ഇന്ത്യൻ നേവിയിൽ ഉദ്യോഗസ്ഥനാണ്.

നവംബർ 30ന് പേരാവൂർ ജിമ്മിജോർജ് സ്പോർട്സ് അക്കാദമിയിൽ നടക്കുന്ന ജിമ്മി ജോർജ് അനുസ്മരണ ചടങ്ങിൽ അവാർഡ് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!