വാക്കറു പേരാവൂർ മാരത്തൺ ഡിസംബർ 27ന്
കണ്ണൂർ : വാക്കറു പേരാവൂർ മാരത്തൺ ഏഴാം എഡിഷൻ ഡിസംബർ 27ന് പേരാവൂർ ജിമ്മി ജോർജ് സ്റ്റേഡിയത്തിൽ നടക്കും. 2017 മുതൽ പേരാവൂരിൽ നടക്കുന്ന വാർഷിക പരിപാടിയാണിത്. ഒളിമ്പ്യൻ അഞ്ജു ബോബി ജോർജാണ് മെഗാ ഇവൻ്റിൻ്റെ ബ്രാൻഡ് അംബാസിഡർ. പേരാവൂർ സ്പോർട്‌സ് ഫൗണ്ടേഷൻ വിവിധ സംഘടനകളുടെ സഹകരണത്തോടെയാണ് മാരത്തൺ സംഘടിപ്പിക്കുന്നത്.
‘സേ നോ ടു ഡ്രഗ്‌സ്’ എന്ന ബോധവത്‌കരണം നടത്തുകയും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്നതാണ് പേരാവൂർ മാരത്തണിൻ്റെ ലക്ഷ്യം. ഈ വർഷം 7500ലധികം ഓട്ടക്കാർ അണിനിരക്കും. ഇത് സംസ്ഥാനത്ത് ഇതുവരെയുള്ള വിവിധ മാരത്തൺ റെക്കോർഡുകൾ തിരുത്തും.
ലളിതവും ചെലവു കുറഞ്ഞതുമായ രീതിയിൽ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്നതാണ് നടത്തവും, ഓട്ടവും.വാക്ക് വിത്ത് വാക്കരൂ എന്ന ടാഗ് ലൈനുമായി ചേർന്നു നിൽക്കുന്ന ഒന്നാണിത്. പേരാവൂരിലെ ജനങ്ങളുടെ പങ്കാളിത്തത്തോടെ പിഎസ്എഫ് നടത്തുന്ന പേരാവൂർ മാരത്തൺ ആരോഗ്യം പ്രോത്സാഹിപ്പിക്കുന്നതിനും പ്രദേശത്തെ ലഹരിമുക്തമാക്കുന്നതിനും ഏറെ സഹായകരമാകും.
ലഹരിമുക്തവും ആരോഗ്യകരവുമായ നല്ല നാളെയിലേക്ക് ഒരുമിച്ച് നടക്കാൻ എല്ലാവരും തയ്യാറാവണമെന്ന് വാക്കറു ഇൻ്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിംഗ് ഡയറക്ടർ വി. നൗഷാദ് അഭ്യർത്ഥിച്ചു.
ഓപ്പൺ വിഭാഗത്തിൽ 500 രൂപയും ഫൺ റൺ വിഭാഗത്തിന് 300 രൂപയും 18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് 200 രൂപയുമാണ് രജിസ്ട്രേഷൻ ഫീസ്. ഓപ്പൺ വിഭാഗത്തിൽ ഒന്ന് മുതൽ മൂന്ന് വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 15,000, 10,000, 5,000 രൂപ ക്യാഷ് പൈസ് ലഭിക്കും. 50 വയസിന് മുകളിലുള്ള വിഭാഗത്തിനും 18 വയസിന് താഴെയുള്ളവർക്കും യഥാക്രമം 5000, 3000, 2000 രൂപയും ലഭിക്കും. ഓട്ടത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഫിനിഷർ മെഡലും ലഭിക്കും.
ഓൺലൈൻ രജിസ്ട്രേഷൻ www.peravoormarathon.com എന്ന വെബ്‌സൈറ്റിൽ ലഭ്യമാണ്. ഡിസംബർ 10ന് രജിസ്ട്രേഷൻ അവസാനിക്കും. 25, 26 തീയതികളിൽ സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ടായിരിക്കും.
പത്രസമ്മേളനത്തിൽ പി.എസ്.എഫ്. പ്രസിഡൻ്റ് ഫ്രാൻസിസ് ബൈജു ജോർജ്, വാക്കറു ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ വി. നൗഷാദ്, കോ-സ്പോൺസർ സ്റ്റാൻലി ജോർജ്, ഇവന്റ്റ് അമ്പാസിഡർ അഞ്ജു ബോബി ജോർജ്, റേസ് ഡയറകർ റോബർട്ട് ബോബി ജോർജ്, പിഎസ്എഫ് ഭാരവാഹികളായ എം.സി. കുട്ടിച്ചൻ, ഡെന്നി ജോസഫ്, എ.പി.സുജീഷ് എന്നിവർ സംബന്ധിച്ചു.
