തിരഞ്ഞെടുപ്പ് ചിഹ്നം : പാർട്ടി ഭാരവാഹികളുടെ ഒപ്പ് സാക്ഷ്യപ്പെടുത്തി സമർപ്പിക്കണം

Share our post

തിരുവനന്തപുരം :തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി രാഷ്ട്രീയപാർട്ടികൾക്ക് ചിഹ്നം അനുവദിച്ച് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. പൊതുതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്ക് ചിഹ്നം ശിപാർശ ചെയ്യുന്നതിന് ചുമതലപ്പെടുത്തിയ പാർട്ടി ഭാരവാഹികളുടെ ഒപ്പ് അതത് രാഷ്ട്രീയപാർട്ടികളുടെ സംസ്ഥാന ഭാരവാഹികൾ സാക്ഷ്യപ്പെടുത്തി ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് സമർപ്പിക്കണം. പകർപ്പ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയയ്ക്കകയും വേണം. അത്തരത്തിൽ ചിഹ്നം ശിപാർശ ചെയ്യുന്നതിന് അധികാരപ്പെടുത്തിയ പാർട്ടി ഭാരവാഹികൾ, സ്വന്തം കൈപ്പടയിൽ ഒപ്പ് വച്ച ശിപാർശ കത്ത് ബന്ധപ്പെട്ട വരണാധികാരി ചിഹ്നം അനുവദിക്കുന്ന നവംബർ 24 ന് വൈകിട്ട് മൂന്നു മണിക്ക് മുൻപ് സമർപ്പിക്കണം.

പൊതുതിരഞ്ഞെടുപ്പ്: പ്രചാരണം പരിശോധിക്കാൻ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കും

പൊതുതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ രാഷ്ട്രീയ കക്ഷികളും സ്ഥാനാർഥികളും നടത്തുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നിയമപരമാണോയെന്ന് പരിശോധിച്ച് വിലയിരുത്തി ആവശ്യമായ നടപടികൾ സ്വീകരിക്കാൻ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് രൂപീകരിക്കാൻ ജില്ലാ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർക്ക് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ നിർദ്ദേശം നൽകി. സ്‌ക്വാഡിന്റെ പ്രവർത്തനങ്ങൾക്ക് കമ്മീഷൻ മാർഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ച് ഉത്തരവായി.

ജില്ലാ തലത്തിൽ വരണാധികാരിയുടെ ചുമതലയില്ലാത്ത അസിസ്റ്റന്റ് കളക്ടർ/സബ് കളക്ടർ/ ഡെപ്യൂട്ടി കളക്ടറിന്റെ നേതൃത്വത്തിൽ ഒരു സ്‌ക്വാഡും താലൂക്ക് തലത്തിൽ തഹസിൽദാർ/ ഗസറ്റഡ് റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥന്റെ നേതൃത്വത്തിൽ ഒരു സ്‌ക്വാഡും രൂപീകരിക്കാനാണ് നിർദേശം.

നോട്ടീസുകൾ, ബാനറുകൾ, ബോർഡുകൾ പോസ്റ്ററുകൾ ചുവരെഴുത്തുകൾ, മൈക്ക് അനൗൺസ്‌മെന്റ്, പൊതുയോഗങ്ങൾ മീറ്റിംഗുകൾ, മറ്റ് സാമൂഹ്യ മാധ്യമങ്ങൾ മുഖേനയുള്ള പ്രചാരണ പരിപാടികൾ എന്നിവയുടെ നിയമസാധുത സ്‌ക്വാഡ് പരിശോധിക്കും.

നോട്ടീസും ലഘുലേഖയും പ്രസിദ്ധീകരിക്കുന്നതും കമാനങ്ങൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് കമ്മീഷൻ പുറപ്പെടുവിച്ച മാർഗനിർദ്ദേശങ്ങൾ പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ച് തുടർനടപടി സ്വീകരിക്കും.

പ്ലാസ്റ്റിക്, ഫ്‌ളക്‌സ് മുതലായവയുടെ ഉപയോഗത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയ കമ്മീഷന്റെ ഉത്തരവ് പ്രകാരം തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ ഹരിതചട്ടം പാലിക്കുന്നുണ്ടോയെന്ന് സ്‌ക്വാഡ് പരിശോധിക്കുകയും ലംഘനം നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്യും.

നിയമപരമല്ലാത്ത പ്രചാരണപരിപാടികൾ ഉടൻ നിർത്തി വെപ്പിക്കും. അനധികൃതമായോ നിയമപരമല്ലാതെയോ സ്ഥാപിച്ച നോട്ടീസുകൾ, ബാനറുകൾ, ചുവരെഴുത്തുകൾ, പോസ്റ്ററുകൾ, ബോർഡുകൾ എന്നിവ നീക്കം ചെയ്യാൻ ബന്ധപ്പെട്ടവർക്ക് നിർദേശം നൽകും. ഇപ്രകാരമുള്ള നിർദേശം പാലിക്കുന്നില്ലെങ്കിൽ അവ നീക്കം ചെയ്യുന്നതിന് നടപടി സ്വീകരിക്കുകയും അതിന്റെ ചെലവ് ബന്ധപ്പെട്ടവരിൽ നിന്ന് ഈടാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്യും.
അനധികൃതമായതും അനുവദനീയ രീതിയിലല്ലാത്തതുമായ മൈക്ക് അനൗൺസ്‌മെന്റുകൾ നിർത്തിവെപ്പിക്കുന്നതാണ്.

അനുമതിയില്ലാതെയും പൊതുവഴി കൈയ്യേറിയും കാൽനടയാത്രക്കാർക്കും. വാഹനങ്ങൾ കടന്നുപോകുന്നതിനും തടസ്സമുണ്ടാകുന്ന രീതിയിലും സ്ഥാപിച്ചിട്ടുള്ള ബോർഡുകൾ, കമാനങ്ങൾ, ബാനറുകൾ എന്നിവ എടുത്തുമാറ്റുന്നതിന് അത് സ്ഥാപിച്ചവരോട് ആവശ്യപ്പെടും. എടുത്തുമാറ്റുന്നില്ലെങ്കിൽ തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് അവ എടുത്തുമാറ്റി നിയമപരമായ തുടർനടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകും. നിയമപരമല്ലാത്ത പ്രചാരണപരിപാടികളും, അനധികൃതമായി സ്ഥാപിച്ച ബോർഡുകൾ കമാനങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിച്ചവയ്‌ക്കെതിരെ പൊതുജനം അറിയിക്കുന്ന പരാതികളും സ്‌ക്വാഡ് പ്രത്യേകമായി പരിശോധിച്ചു നടപടി സ്വീകരിക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!