ആലായാൽ ഇങ്ങനെ അഴകേറും തറ വേണം

Share our post

ധർമടം: ഗവ. ബ്രണ്ണൻ കോളേജിനുമുന്നിലൂടെ മീത്തലെ പീടികയിലേക്കും ചിറക്കുനിയിലേക്കും പോകുമ്പോൾ സ്വാഗതം ചെയ്യുക തല ഉയർത്തി നിൽക്കുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള അരയാലാണ്. കാലപ്പഴക്കത്താൽ നശിച്ചുകൊണ്ടിരുന്ന അരയാൽത്തറയായിരുന്നു ഇന്നലെവരെ നാട്ടുകാരുടെ സങ്കടം. എന്നാൽ, ഇന്നത്‌ ധർമടത്തിന്റെ ചരിത്രം വിളിച്ചുപറയുന്ന അണ്ടലൂർക്കാവും ബ്രണ്ണൻ കോളേജും കേരളത്തിന്റെ ചരിത്രം വഴിമാറ്റിയ പഞ്ചമിയും ബുദ്ധനും തെയ്യവും ഓട്ടൻതുള്ളലുമൊക്കെയുള്ള നിറക്കാഴ്‌ചയാണ്‌. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമടത്തെ ചെറുപട്ടങ്ങൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായി ആസ്റ്റർ മിംസിന്റെ സിഇആർ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ആൽത്തറയുടെ പുതിയമുഖം. പൊട്ടിപ്പൊളിഞ്ഞ തറ പുനർനിർമിച്ച്‌ സിമന്റ്‌ ഉപയോഗിച്ച് ഭംഗിയാക്കി. വൈദ്യുതി വിളക്കുകൾ സ്ഥാപിച്ചതിനാൽ രാത്രിക്കാഴ്ചയും നവ്യാനുഭവമേകും. നിലം ഇന്റർലോക്ക് പാകിയിട്ടുണ്ട്‌. അരയാൽത്തറയുടെ ഉദ്ഘാടനം കണ്ണൂർ സിറ്റി പൊലീസ് കമീഷർ നിധിൻരാജ് നിർവഹിച്ചു. ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ ഡോ. ജെ വാസന്തി അധ്യക്ഷയായി. പഞ്ചായത്ത്‌ സെക്രട്ടറി എ പി ജോർജ് സ്വാഗതംപറഞ്ഞു. അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഷീല ചോരൻ, ഡോ. വിനോദൻ നാവത്ത്, കെ വി മധുസൂദനൻ, ജി എസ് അഭിനന്ദ് എന്നിവർ സംസാരിച്ചു. വിജേഷ് മേനോറ, നിഷാന്ത് പുതിയാരംബരം എന്നീ കലാപ്രവർത്തകരാണ് ആൽത്തറയിൽ കലാസൃഷ്ടി ഒരുക്കിയത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!