കേരളത്തിന്‌ വീണ്ടും അംഗീകാരം; ട്രെൻഡിംഗ് ട്രാവൽ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടം പിടിച്ച് കൊച്ചി

Share our post

തിരുവനന്തപുരം: ട്രാവൽ ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ കേരളത്തിന്‌ വീണ്ടും അംഗീകാരം. 2026 ൽ നിർബന്ധമായും കണ്ടിരിക്കേണ്ട വിനോദസഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയിൽ കൊച്ചിയും ഇടം പിടിച്ചു. ബുക്കിങ്.കോം (booking.com) തയ്യാറാക്കിയ 10 ട്രെൻഡിംഗ് ടെസ്റ്റിനേഷനുകളുടെ പട്ടികയിലാണ് കൊച്ചി ഇടം നേടിയത്. ലോകോത്തര ഡെസ്റ്റിനേഷനുകൾ ഉൾപ്പെട്ട പട്ടികയിലാണ് കൊച്ചിയുടെ നേട്ടം‌. പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഏക ഡെസ്റ്റിനേഷനാണ് കൊച്ചി. കേരള ടൂറിസത്തിനു ലഭിച്ച ആഗോള അംഗീകാരമാണിതെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ്‌ റിയാസ് പറഞ്ഞു. ലോക ടൂറിസം ഭൂപടത്തിൽ കേരള ടൂറിസത്തെ അടയാളപ്പെടുത്തുന്ന നേട്ടമാണിത്. ഈ അം​ഗീകാരം കേരളത്തിലെ ടൂറിസം വളർച്ചയ്ക്ക് ഗുണകരമാകുമെന്നും മന്ത്രി റിയാസ് പറഞ്ഞു. ദക്ഷിണേന്ത്യയുടെ സാംസ്കാരിക സമ്പത്തും പ്രകൃതി സൗന്ദര്യവും ലോകത്തിന് മുമ്പിൽ അവതരിപ്പിച്ചതാണ് ഈ പട്ടികയില്‍ ഉള്‍പ്പെടാന്‍ കൊച്ചിയെ സഹായിച്ചത്. നൂറ്റാണ്ടുകളായുള്ള ആഗോള വ്യാപാരത്തിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും പ്രതിഫലനമാണ് കൊച്ചിയെന്ന് ബുക്കിങ്. കോം വിലയിരുത്തുന്നു.

ലോകത്തിന്റെ വിവിധ സ്ഥലങ്ങളിലെ വാസ്തുശില്‍പ ചാരുതയും ആധുനിക ആര്‍ട്ട് കഫെകളും ഒത്തു ചേരുന്ന നഗരമാണ് കൊച്ചി. ചൈനീസ് വലകള്‍, പൈതൃകം നിറഞ്ഞ കച്ചവടകേന്ദ്രങ്ങള്‍ എന്നിവ അന്താരാഷ്ട്ര സഞ്ചാരികള്‍ക്ക് വേറിട്ട അനുഭവം പ്രദാനം ചെയ്യും. ചരിത്രപരമായ കെട്ടിടങ്ങൾ അത്യാധുനിക കലാകേന്ദ്രങ്ങളായി മാറുന്ന കൊച്ചി-മുസിരിസ് ബിനാലെ പോലുള്ള ലോകോത്തര പരിപാടികളും ഈ നഗരത്തിന്റെ ആകര്‍ഷണങ്ങളാണ്. ഇവിടുത്തെ പാചകപാരമ്പര്യവും സാംസ്ക്കാരിക വൈവിദ്ധ്യത്തിന്റെ ഉദാഹരണമാണെന്ന് വെബ്സൈറ്റ് ചൂണ്ടിക്കാട്ടുന്നു. ആലപ്പുഴയിലെ കായല്‍യാത്ര, മൂന്നാറിലെ കോടമഞ്ഞുമൂടിയ മലനിരകളിലൂടെയും തേയിലത്തോട്ടങ്ങളിലൂടെയുമുള്ള ട്രെക്കിംഗ്, മാരാരി ബീച്ചിലെ സ്വര്‍ണമണലിലെ വിശ്രമം തുടങ്ങിയ കേരളത്തിന്റെ പ്രകൃതി സൗന്ദര്യം വര്‍ണനാതീതമാണ്. ലോകമെമ്പാടു നിന്നും മികച്ച യാത്രാസംവിധാനമുള്ള കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ഇവിടേക്കുള്ള കവാടമാണെന്നും ബുക്കിംഗ്. കോം വിലയിരുത്തി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!