കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം; ഉദ്ഘാടനം കാത്ത് കാർഗോ കോംപ്ലക്സും കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കും
മട്ടന്നൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർമാണം പൂർത്തിയായ കാർഗോ കോംപ്ലക്സിന്റെയും കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും ഉദ്ഘാടനം നീളുന്നു. രണ്ടു വർഷം മുമ്പ് പ്രവൃത്തി പൂർത്തീകരിച്ചിട്ടും ഉദ്ഘാടനം നടത്താനുള്ള തയാറെടുപ്പില്ല. കിയാൽ ഓഫിസ് അഡ്മിനിസ്‌ട്രേഷൻ ബ്ലോക്ക് പരിസരം കാടുകയറി കിടക്കുകയാണ്. എയർ ട്രാഫിക് കൺട്രോൾ കെട്ടിടത്തിന് സമീപം 5800 ചതുരശ്ര മീറ്റർ വിസ്തീർണത്തിലാണ് കാർഗോ കോംപ്ലക്സ് നിർമിച്ചത്. പാസഞ്ചർ ടെർമിനൽ കെട്ടിടത്തിന് മുന്നിലായാണ് 3085 ചതുരശ്ര മീറ്ററിൽ കിയാൽ ഓഫിസിനായി നാലുനില കെട്ടിടം നിർമിക്കുന്നത്.അന്നത്തെ ആരോഗ്യ മന്ത്രി കെ.കെ. ശൈലജ കാർഗോ കോംപ്ലക്സിന്റെയും വ്യവസായ വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അഡ്മിനിസ്‌ട്രേഷൻ ബ്ലോക്കിന്റെയും നിർമാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തത്. വികസന സാധ്യത കണക്കിലെടുത്താണ് 63000 ടൺ ശേഷിയുള്ള കാർഗോ കോംപ്ലക്സ് നിർമിച്ചത്. ഭക്ഷ്യവസ്തുക്കൾ ഉൾപ്പടെയുള്ളവ കേടുകൂടാതെ സൂക്ഷിക്കാനും കയറ്റിയയക്കാനും കോൾഡ് സ്‌റ്റോറേജ് ഉൾപ്പടെയുള്ള സൗകര്യങ്ങളുമുണ്ട്. ആഭ്യന്തര കയറ്റുമതി-ഇറക്കുമതിക്കായുള്ള പ്രത്യേക വിഭാഗവും കോംപ്ലക്‌സിലുണ്ടാകും.കാർഗോ കൈകാര്യം ചെയ്യുന്നതിന് താൽക്കാലിക സജ്ജീകരണങ്ങളുണ്ട്. കാർഗോ കോംപ്ലക്‌സിന്റെ ആദ്യഘട്ടമെന്ന നിലയിൽ 1200 ചതുരശ്ര മീറ്റർ വിസ്തൃതിയുള്ള കെട്ടിടമാണ് നിർമിച്ചത്. അന്താരാഷ്ട്ര കാർഗോ കോംപ്ലക്‌സ് പ്രവർത്തനം ആരംഭിക്കുന്നതോടെ ഇത് ആഭ്യന്തര കാർഗോ കോംപ്ലക്‌സാക്കി നിലനിർത്തും. വിദേശ വിമാനങ്ങൾക്ക് സർവിസിനുള്ള അനുമതി ലഭിച്ചാൽ വിമാനത്താവളത്തിന്റെ വളർച്ചക്കും വരുമാന വർധനക്കും സഹായകമാകും. കിയാലിന്റെ ആസ്ഥാന മന്ദിരം, സി.ഐ.എസ്.എഫ് ബാരക്ക്, കാർഗോ കോംപ്ലക്‌സ് എന്നിവ ഉൾപ്പടെ 117 കോടി രൂപക്കാണ് ടെൻഡർ നൽകിയത്. മോണ്ടി കാർലോ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്തത്. കഴിഞ്ഞ ജനുവരിയിൽ കാർഗോ കോംപ്ലക്‌സ് ഉദ്ഘാടനം നടത്താൻ തീരുമാനിച്ചെങ്കിലും നീളുകയാണ്.
