ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജിയില്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ; ഇപ്പോള്‍ അപേക്ഷിക്കാം
തിരുവനന്തപുരം: റീജിയണല്‍ സെന്റര്‍ ഫോര്‍ ബയോടെക്‌നോളജി (ആര്‍സിബി-ഫരീദാബാദ്) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ബയോടെക്‌നോളജി (പിജിഡി ഐബി) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. യുനസ്‌കോയുമായി സഹകരിച്ച് കേന്ദ്ര ബയോടെക്‌നോളജി വകുപ്പുവഴി സ്ഥാപിച്ചിട്ടുള്ള ദേശീയപ്രാധാന്യമുള്ള സ്ഥാപനമാണിത്.
മികച്ച കരിയര്‍
വ്യാവസായിക പ്രസക്തിയുള്ള കോഴ്‌സുകള്‍ വിദ്യാര്‍ഥികള്‍ക്കു പരിചയപ്പെടുത്താനായി ആരംഭിച്ചതാണ് പ്രോഗ്രാം. ബയോടെക്, ബയോഫാര്‍മസ്യൂട്ടിക്കല്‍ ഉത്പന്നങ്ങളുടെ പ്രൊഡക്ഷന്‍, ടെസ്റ്റിങ്, ലൈസന്‍സിങ്, പാക്കേജിങ്, റിലീസിങ് എന്നിവയ്ക്കുവേണ്ട അറിവും നൈപുണികളും പ്രോഗ്രാമിലൂടെ പരിചയപ്പെടുത്തും. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് മികച്ച കരിയര്‍ രൂപപ്പെടുത്താനുള്ള അവസരവും വ്യവസായ, അക്കാദമിക് മേഖലകള്‍ തമ്മിലുള്ള സഹകരണം ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
ഇന്റേണ്‍ഷിപ്പ്
ഒരു വര്‍ഷമാണ് കോഴ്സ് ദൈര്‍ഘ്യം. ഒരു സെമസ്റ്ററില്‍ (ആറുമാസം) ആര്‍സിബിയിലെ കോഴ്‌സ് വര്‍ക്ക് ആയിരിക്കും. രണ്ടാം സെമസ്റ്ററില്‍ അക്കാദമിക് സ്ഥാപനങ്ങളിലോ വ്യവസായമേഖലയിലോ ഉള്ള ഹാന്‍സ് ഓണ്‍ ട്രെയിനിങ്ങും മൂന്നുമുതല്‍ നാലുമാസംവരെ നീണ്ടുനില്‍ക്കുന്ന ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമും ആയിരിക്കും.
ജനറല്‍ കോഴ്‌സുകളില്‍, ക്ലിനിക്കല്‍ റിസര്‍ച്ച് റഗുലേഷന്‍സ്, ക്വാളിറ്റി കണ്‍ട്രോള്‍ ആന്‍ഡ് അഷ്വറന്‍സ്, റിസര്‍ച്ച് മെത്തഡോളജി, ബയോ സ്റ്റാറ്റിസ്റ്റിക്‌സ് ആന്‍ഡ് ബേസിക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, വാക്‌സിന്‍ ടെക്‌നോളജി, ജനറല്‍ പ്രിന്‍സിപ്പിള്‍സ് ഓഫ് ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി, സെ്കയില്‍-അപ് ആന്‍ഡ് ബയോ പ്രോസസ് ടെക്‌നോളജി, അനലറ്റിക്കല്‍ ടെക്നിക്‌സ്, ബേസിക് കണ്‍സപ്റ്റസ് ഇന്‍ ഡ്രഗ് ഡിസ്‌കവറി ആന്‍ഡ് ഡിവലപ്‌മെന്റ്‌റ്, സോഫ്റ്റ് സ്‌കില്‍ സെഷനുകള്‍, പ്രാക്ടിക്കല്‍ മൊഡ്യൂളുകള്‍, ഇന്റേണ്‍ഷിപ്പ് എന്നിവ ഉള്‍പ്പെടും. ഇലക്ടീവ് കോഴ്സുകളില്‍ കമേര്‍ഷ്യല്‍ മാനുഫാക്ചറിങ്, ഡിസ്‌കവറി ആന്‍ഡ് ഡിവലപ്‌മെന്റ്‌റ്, റഗുലേറ്ററി അഫയേഴ്സ്, ക്വാളിറ്റി അഷ്വ റന്‍സ് ആന്‍ഡ് ക്വാളിറ്റി കണ്‍ട്രോള്‍ എന്നിവ ഉള്‍പ്പെടും (നാല് ക്രെഡിറ്റുകള്‍). ഇവയില്‍ ഒന്ന് തിരഞ്ഞെടുക്കണം.
യോഗ്യത
50 ശതമാനം മാര്‍ക്കോടെ, സയന്‍സ്/എന്‍ജിനിയറിങ്/മെഡിസിന്‍/ തത്തുല്യ ബാച്ച്‌ലര്‍ ബിരുദം ഉണ്ടായിരിക്കണം. അധികയോഗ്യതയുള്ള, ഈ വിഷയത്തില്‍ താത്പര്യമുള്ളവര്‍ക്കും അപേക്ഷിക്കാം. ഫീസ് ഒരു ലക്ഷം രൂപയാണ്. മൂന്നുതവണകളായി അടയ്ക്കാം.
അപേക്ഷ
pgdib.rcb.ac.in വഴി നവംബര്‍ 17 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീ 500 രൂപ. പട്ടിക/ഭിന്നശേഷി/ഇഡബ്ല്യുഎസ് വിഭാഗക്കാര്‍ക്ക് അപേക്ഷാ ഫീസ് ഇല്ല. ഡിസംബര്‍ ഒന്‍പത്, 10 തീയതികളില്‍ നടത്തുന്ന എഴുത്തു പരീക്ഷ/ഇന്റര്‍വ്യൂ (ഫിസിക്കല്‍) എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഡിസംബര്‍ 15-ന് അന്തിമഫലം പ്രഖ്യാപിക്കും. സഹായങ്ങള്‍ക്ക്: pgdib@rcb.res.in
