ആറളം എംആർഎസ്സിലേക്ക്‌ തിരുനെല്ലിയിലെ കുട്ടികൾ എത്തി “തിരുനെല്ലി’ ഇനി ആറളത്ത്

Share our post

ഇരിട്ടി: വയനാട്‌ തിരുനെല്ലിയിലെ ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂൾ വിദ്യാർഥികൾ ഇനി ആറളത്ത്‌ പഠിക്കും. വിദ്യാർഥിസംഘം ഞായറാഴ്‌ച ആറളം ഫാമിലെ മോഡൽ റസിഡൻഷ്യൽ സ്കൂളിലെത്തി. തിരുനെല്ലിയിൽനിന്നെത്തിയ വിദ്യാർഥിസംഘത്തെ ആറളംഫാം, ടിആർഡിഎം അധികൃതർ വരവേറ്റു. രണ്ട് പതിറ്റാണ്ടായി തിരുനെല്ലിയിൽ പ്രവർത്തിച്ച മോഡൽ റെസിഡൻഷ്യൽ സ്കൂളായ ആശ്രമം വിദ്യാലയമാണ് ആറളം ഫാമിലേക്ക് മാറ്റിയത്‌. തിരുനെല്ലിയിലെ കെട്ടിടത്തിന്റെ കാലപ്പഴക്കം പരിഗണിച്ചാണ്‌ കുട്ടികളെ ആറളത്തെ ഹൈടെക്ക്‌ എംആർഎസിലേക്ക്‌ മാറ്റിയത്‌. 18 കോടി രൂപ കിഫ്‌ബി ഫണ്ടിൽ ഒന്നാം പിണറായി സർക്കാറാണ്‌ ആറളം എംആർഎസ്‌ കെട്ടിട സമുച്ചയം നിർമിച്ചത്‌. ഞായർ പകൽ രണ്ടോടെ തിരുനെല്ലിയിൽനിന്ന്‌ വിദ്യാർഥികളും രക്ഷിതാക്കളും ജീവനക്കാരും ഉൾപ്പെട്ട സംഘം ആറളംഫാമിൽ എത്തി. ബ്ലോക്ക്‌ ഏഴിലെ എംഎആർഎസ്‌ ക്യാന്പസ്‌ പടിക്കൽ സംഘത്തെ ഫാം ടിആർഡിഎം നേതൃത്വത്തിൽ സ്വീകരിച്ചു. ഒന്പത്‌ കെഎസ്ആർടിസി ബസ്സുകളിലാണ്‌ വിദ്യാർഥികൾ അടക്കമുള്ള 583 പേർ ആറളം ഫാമിലെത്തിയത്‌. 257 വിദ്യാർഥികളും അധ്യാപക അനധ്യാപകരായ 47 പേരും ഇനി ആറളം ഫാം എംആർഎസിലുണ്ടാകും. ഫാമിലെ പട്ടികവർഗ പെൺകുട്ടികൾക്കുള്ള ഹോസ്റ്റലിൽ താമസിച്ച്‌ പഠിക്കുന്ന വിദ്യാർഥികളും അധ്യാപകരും ഉദ്യോഗസ്ഥരും തിരുനെല്ലി സംഘത്തെ വരവേൽക്കാൻ എത്തി. വിദ്യാർഥികൾക്ക് വിഭവസമൃദ്ധമായ സദ്യ ഒരുക്കിയാണ്‌ ആദ്യ ദിവസത്തെ സ്വീകരണം. മാനന്തവാടി അസി. ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ ടി കെ മനോജ്, ആദിവാസി സൈറ്റ് മാനേജർ സി ഷൈജു, പട്ടികവർഗ വികസന വകുപ്പ് അസി. ഡെവലപ്മെന്റ് ഓഫീസർ കെ ബിന്ദു, ട്രൈബൽ ഡെവലപ്മെന്റ് ഓഫീസർ മജീദ്, വാർഡൻ സുനിത, പഞ്ചായത്തംഗം മിനി ദിനേശൻ, കെ കെ ജനാർദനൻ, പി കെ രാമചന്ദ്രൻ എന്നിവർ ചേർന്നാണ്‌ അതിഥികളെ വരവേറ്റത്. ഒന്ന്‌ മുതൽ 10 വരെ ക്ലാസുകളിലെ കുട്ടികൾക്ക്‌ ആറളം ഫാം എംആർഎസിൽ പഠന സ‍ൗകര്യമൊരുക്കിയിട്ടുണ്ട്‌. ഇനിയുമേറെ പേർക്ക്‌ പഠനത്തിന്‌ സ‍ൗകര്യമുള്ള ആധുനിക എംആർഎസാണ്‌ ആറളത്തേത്‌. നേരത്തെ നിർദേശിച്ചത്‌ പ്രകാരം തദ്ദേശീയരായ കുട്ടികൾക്കും ആറളം എംആർഎസിൽ പഠനത്തിന്‌ അവസരമൊരുങ്ങുമെന്ന പ്രതീക്ഷയിലാണ്‌ ആറളത്തുകാർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!