31 KM, 21 സ്റ്റേഷൻ, തലസ്ഥാനത്തെ യാത്ര ഇനി സുഗമമാകും: എലവേറ്റഡ്, അണ്ടർഗ്രൗണ്ട് മെട്രോകൾ ആലോചനയിൽ
തിരുവനന്തപുരം: പാപ്പനംകോട്ടുനിന്നു തുടങ്ങി കിള്ളിപ്പാലം, പാളയം, ശ്രീകാര്യം വഴി കഴക്കൂട്ടത്തിനു സമീപം ടെക്നോപാർക്കുവരെ ഒന്നാംഘട്ടത്തിൽ എത്തി ബൈപ്പാസിലൂടെ ഈഞ്ചയ്ക്കലിൽ അവസാനിക്കുന്ന വിധത്തിൽ 31 കിലോമീറ്റർ നീളംവരുന്ന തിരുവനന്തപുരം മെട്രോയ്ക്കുള്ള ആദ്യ അലൈൻമെന്റിന് സർക്കാർ അനുമതി നൽകി. ടെക്നോപാർക്കിന്റെ മൂന്ന് ഫെയ്സുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവ ബന്ധിപ്പിക്കുന്നതരത്തിലാണ് അലൈൻമെന്റ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (കെഎംആർഎൽ) മുഖേനയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനുവേണ്ടിയുള്ള ഡിപിആർ കെഎംആർഎൽ ഉടൻ തയ്യാറാക്കും.
പാപ്പനംകോട്ടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, മെഡിക്കൽ കോളേജ്, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാർക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചയ്ക്കലിൽ അവസാനിക്കും. 27 സ്റ്റേഷനുകളാണ് ആദ്യഘട്ടത്തിൽ ഉണ്ടാവുക. ടെക്നോപാർക്ക് ഫെയ്സ് വൺ ആണ് ഇന്റർചേഞ്ച് സ്റ്റേഷൻ. ഈഞ്ചയ്ക്കൽ ടെർമിനൽ സ്റ്റേഷനായിരിക്കും.
തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂർ, പട്ടം എന്നീ മേൽപ്പാലങ്ങളുടെ നിർമാണച്ചുമതല കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഏൽപ്പിച്ചിരുന്നു. ഇതിൽ ശ്രീകാര്യം മേൽപ്പാലത്തിന്റെ നിർമാണം ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്.
ഒന്നാംഘട്ട അലൈൻമെന്റിൽ ശുപാർശചെയ്തിട്ടുള്ള മെട്രോ സ്റ്റേഷനുകൾ
പാപ്പനംകോട്, കൈമനം, കരമന, കിള്ളിപ്പാലം, തമ്പാനൂർ, സെക്രട്ടേറിയറ്റ്, പാളയം, പ്ലാമൂട്, പട്ടം, മുറിഞ്ഞപാലം, മെഡിക്കൽ കോളേജ്, ഉള്ളൂർ, പോങ്ങുംമൂട്, ശ്രീകാര്യം, പാങ്ങപ്പാറ, ഗുരുമന്ദിരം, കാര്യവട്ടം, ടെക്നോപാർക്ക് ഫെയ്സ് വൺ, ടെക്നോപാർക്ക് ഫെയ്സ് ത്രീ, കുളത്തൂർ, ടെക്നോപാർക്ക് ഫെയ്സ് ടൂ, ആക്കുളം ലേക്ക്, കൊച്ചുവേളി, വെൺപാലവട്ടം, ചാക്ക, എയർപോർട്ട്, ഈഞ്ചയ്ക്കൽ.
തിരുവനന്തപുരം മെട്രോ
സർക്കാർ അംഗീകരിച്ച ഈ പാതയിൽ പുതിയ ഡിപിആർ ഡീറ്റെയിൽഡ് പ്രോജക്ട് റിപ്പോർട്ട് കൊച്ചി മെട്രോ റെയിൽ കോർപ്പറേഷൻ തയ്യാറാക്കും. പദ്ധതിയുടെ ചെലവും ഏറ്റെടുക്കേണ്ട സ്ഥലം എത്രനാൾകൊണ്ട് പൂർത്തിയാക്കാൻ കഴിയും തുടങ്ങിയ വിശദമായ പദ്ധതിരേഖ ആയിരിക്കും തയ്യാറാക്കുക. ഇതിനായി നേരത്തേ തിരുവനന്തപുരം മെട്രോ പദ്ധതിയുടെ ഡിപിആർ തയ്യാറാക്കിയ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷനെ ചുമതലപ്പെടുത്തും. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ മൂന്നുമാസത്തിനുള്ളിൽത്തന്നെ പുതിയ റൂട്ടിൽ വിശദമായ പദ്ധതിരേഖ തയ്യാറാക്കും. ഈ പദ്ധതിരേഖ കെഎംആർഎൽ സംസ്ഥാന സർക്കാരിന് സമർപ്പിക്കും. അംഗീകരിച്ച റൂട്ടിൽ രണ്ടുതരം പാതയ്ക്കുള്ള സാധ്യതയാണ് തേടുന്നത്. പൂർണമായും എലിവേറ്റഡ് ആയിട്ടുള്ള മെട്രോയും ചിലയിടങ്ങളിൽ അണ്ടർഗ്രൗണ്ട് കടന്നുപോകുന്ന മെട്രോയും ആണ് വിഭാവനം ചെയ്യുന്നത്. രണ്ടു പദ്ധതികളുടെയും ഡിപിആർ സർക്കാർ പരിഗണിക്കും. തുടർന്ന് സർക്കാർ അംഗീകരിച്ചതിനുശേഷം മെട്രോയുടെ അന്തിമ അനുമതിക്കായി കേന്ദ്രസർക്കാരിനു സമർപ്പിക്കും. കേന്ദ്രസർക്കാരാണ് മെട്രോ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകേണ്ടത്.
ഇതിനുശേഷം ആയിരിക്കും പദ്ധതിയുടെ നടത്തിപ്പിന്റെ മറ്റു കാര്യങ്ങൾ മുന്നോട്ടുപോവുക. ടെൻഡർ നടപടികളിലേക്ക് കടക്കുക കേന്ദ്ര അംഗീകാരം ലഭിച്ചശേഷംമാത്രമായിരിക്കും. പദ്ധതിക്കുള്ള സാമ്പത്തികസഹായം, വായ്പ, സാങ്കേതിക സജ്ജീകരണം തുടങ്ങിയവ സംബന്ധിച്ചുമൊക്കെ തീരുമാനിക്കേണ്ടതുണ്ട്.
പാപ്പനംകോട്-പാളയം- പട്ടം -മെഡിക്കൽ കോളേജ്- ടെക്നോപാർക്ക് -ബൈപ്പാസ് വഴി ഈഞ്ചയ്ക്കലിലേക്ക്
വാച്ചിലെ സൂചി ഒരുപാടൊന്നും കറങ്ങേണ്ടിവരില്ല, അപ്പോഴേക്കും പാപ്പനംകോട്ടുനിന്ന് കഴക്കൂട്ടം എത്തിക്കഴിയും. പാപ്പനംകോട്ടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടമൊക്കെ കടക്കാൻ രണ്ട് ‘റീൽസ്’ കണ്ടുതീരുന്ന സമയം മതിയാകും. കാത്തിരിപ്പുകേന്ദ്രങ്ങളിൽനിന്ന് ആകാശയാത്രയിലേക്കു നെടുനീളത്തിൽ പായാൻ തയ്യാറാവുകയാണ് തലസ്ഥാന നഗരം. തിരുവനന്തപുരത്തുകാർക്കും സ്വന്തം മെട്രോ സീറ്റിൽ തലചായ്ക്കാം. കാലം അങ്ങനെ തലസ്ഥാനത്തെയും മെേട്രായിലേറ്റാൻ സിഗ്നൽ തന്നുകഴിഞ്ഞു. ക്ഷമയോടെ കാത്തിരിക്കാം ആ പാച്ചിലിന്…
കുതിരക്കുളമ്പടികൾ പതിയെ വാഹന ഇരമ്പങ്ങൾക്കു വഴിമാറിയപ്പോഴാണ് തിരുവനന്തപുരം നഗരം കിഴക്കേക്കോട്ടയ്ക്കു പുറത്തുകടന്നത് എന്നാണ് ചരിത്രം പറയുന്നത്. പിന്നീടുള്ള പതിറ്റാണ്ടുകൾ നഗരത്തിൽ തിരക്കുപിടിച്ചുള്ള പാച്ചിൽ ഏറി. സിഗ്നൽ ലൈറ്റുകൾ ചിമ്മി. പിന്നാലെ ബ്ലോക്കിൽ മണിക്കൂറുകൾ ഇഴയാൻ തുടങ്ങി. ഇവയൊക്കെ ‘നൊസ്റ്റാൾജിയ’ ആകുന്ന കാലത്തിലേക്കു വരവറിയിക്കുകയാണ് മെട്രോ.
പാപ്പനംകോട്ടുനിന്ന് കഴക്കൂട്ടത്തേക്ക് ഒറ്റ ബസ് കിട്ടിയാൽത്തന്നെ മണിക്കൂറുകളെടുത്ത് കാണേണ്ടിവരുന്ന കാഴ്ചകളിൽ ഗതാഗതക്കുരുക്കും സമരക്കാരും സിഗ്നൽ കാത്തിരിപ്പുമൊക്കെയുണ്ട് ഇപ്പോൾ. മെട്രോ വന്നാൽ അങ്ങനെ സമയത്തെ കൊല്ലേണ്ടിവരില്ല.
കൊച്ചിയിൽ ആദ്യ മെട്രോ വന്നപ്പോൾ ആ യാത്ര അനുഭവിക്കാൻ വേണ്ടിമാത്രം കൊച്ചിയിലേക്കു വണ്ടികയറിപ്പോയ തിരുവനന്തപുരംകാർക്ക് വൈകാതെ സ്വന്തം നഗരത്തിന്റെ മെട്രോ സീറ്റിൽ തലചായ്ക്കാം. ടെക്നോപാർക്കിന്റെ മൂന്ന് ഫേസുകൾ, വിമാനത്താവളം, തമ്പാനൂർ ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ, സെക്രട്ടേറിയറ്റ്, മെഡിക്കൽ കോളേജ് എന്നിവയെ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈൻമെന്റാണ് അംഗീകരിച്ചത്. ആ 31 കിലോമീറ്റർ ദൈർഘ്യ പാതയിലെ 27 സ്റ്റേഷനുകളിൽ തലസ്ഥാനത്തുകാർ ആധുനിക യാത്രയ്ക്കായി കാത്തിരിക്കും. വണ്ടി എത്താനായുള്ള കാത്തിരിപ്പാണ് ഇനി.
തലസ്ഥാന നഗരത്തിന്റെ മെട്രോയെക്കുറിച്ചുള്ള ചർച്ചകൾ തുടങ്ങുമ്പോൾത്തന്നെ ആരംഭം പള്ളിപ്പുറം എന്നത് ഉറപ്പിച്ചിരുന്നു. ടെക്നോ നഗരമായ കഴക്കൂട്ടത്തിനു പുറത്തുനിന്നു തുടങ്ങി കാര്യവട്ടം കേശവദാസപുരം വഴി കരമനവരെ മൂന്ന് ഘട്ടമായി പണി പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരുന്നത്. പള്ളിപ്പുറത്ത് ടെർമിനലിനുള്ള സ്ഥലവും കണ്ടെത്തി.
ഡിഎംആർസി ആദ്യം തയ്യാറാക്കിയ ഈ റിപ്പോർട്ടിൽ പിന്നെ പലതവണ മാറ്റംവന്നു. പത്തുവർഷത്തിലേറെ നീണ്ട ചർച്ചകൾക്കും മാറ്റങ്ങൾക്കും ഒടുവിൽ പുതിയ ഒരു അലൈൻമെന്റിനാണ് ഇപ്പോൾ സർക്കാർ അനുമതി ലഭിച്ചിരിക്കുന്നത്.
2014-ൽ ആദ്യ രൂപരേഖ തയ്യാറാക്കിയെങ്കിലും പിന്നെ നാലുവർഷത്തോളം ഇത് എങ്ങുമെത്തിയില്ല. മന്ത്രിസഭ അംഗീകരിച്ച് കേന്ദ്രസർക്കാരിന്റെ അനുമതിക്കു പോയെങ്കിലും സാങ്കേതിക തടസ്സങ്ങളിൽ കുടുങ്ങി. തുടർന്ന് 2018-ലാണ് മെട്രോയെ ടെക്നോപാർക്കുമായി ബന്ധപ്പെടുത്താനുള്ള ആലോചനകൾ തുടങ്ങിയത്. കഴക്കൂട്ടത്തുകൂടി കടന്നുപോകുന്ന മെട്രോയെ ടെക്നോപാർക്ക് ഒന്നാം ഘട്ടത്തിനകത്തുകൂടിയാക്കാൻ വീണ്ടും സാധ്യതാപഠനം തുടങ്ങി. കേരള റാപ്പിഡ് ട്രാൻസിസ്റ്റ് കോർപ്പറേഷനാണ് മെട്രോയെ ലാഭകരമാക്കാൻ അലൈൻമെന്റ് വീണ്ടും മാറ്റാൻ തീരുമാനിച്ചത്.
തുടർന്ന് വർഷങ്ങളോളം അലൈൻമെന്റിൽ തട്ടി ഇഴഞ്ഞുനീങ്ങി. കഴിഞ്ഞ വർഷമാണ് കെഎംആർഎൽ വിവിധ അലൈൻമെന്റുകൾ സർക്കാരിനു സമർപ്പിച്ചത്. ഒന്നരവർഷത്തിലേറെയായി സർക്കാർ ഇതിൽ തീരുമാനമെടുക്കാതെ പിടിച്ചു വെച്ചിരിക്കുകയായിരുന്നു.
ഡിഎംആർഎൽ തയ്യാറാക്കിയ പ്രധാന റൂട്ട് പള്ളിപ്പുറം(ടെക്നോസിറ്റി)-കഴക്കൂട്ടം-ശ്രീകാര്യം-കേശവദാസപുരം-പട്ടം-തമ്പാനൂർ-കിള്ളിപ്പാലം-പള്ളിച്ചൽ വരെയായിരുന്നു. 27.4 കിലോമീറ്റർ ദൂരംവരുന്ന റൂട്ടാണ് ഇത്. കഴക്കൂട്ടത്തുനിന്ന് ടെക്നോപാർക്ക് വഴി ബൈപ്പാസിലൂടെ ഈഞ്ചയ്ക്കലിൽ എത്തി അട്ടക്കുളങ്ങരയിൽ പ്രധാന റൂട്ടുമായി കൂടിച്ചേരുന്ന പുതിയ ഒരു അലൈൻമെന്റും തയ്യാറാക്കിയിരുന്നു. പ്രധാന റൂട്ട് മെഡിക്കൽ കോളേജ്, കേശവദാസപുരം, സ്റ്റാച്യു, ബേക്കറി തുടങ്ങിയ ജങ്ഷനുകളിൽ ഏതിനെയൊക്കെയാണ് ബന്ധിപ്പിക്കേണ്ടതെന്നതു സംബന്ധിച്ചും വിവിധ പഠനങ്ങൾ നടന്നിരുന്നു. പുത്തരിക്കണ്ടം മൈതാനംവരെ നീട്ടുന്നതും പരിശോധിച്ചിരുന്നു.
ഇതിനെയെല്ലാം ബന്ധിപ്പിച്ചുകൊണ്ട് ഈഞ്ചയ്ക്കൽ-കഴക്കൂട്ടം-പാപ്പനംകോട് റൂട്ടിനാണ് ഇപ്പോൾ സർക്കാർ അന്തിമരൂപം നൽകിയിരിക്കുന്നത്.
ലൈറ്റിൽനിന്ന് മീഡിയം മെട്രോയിലേക്ക്
തലസ്ഥാനത്ത് മെട്രോ റെയിൽപദ്ധതിയുടെ ആദ്യഘട്ടത്തിന് അംഗീകാരമാകുന്നത് നിരവധി കടമ്പകളും അനിശ്ചിതത്വങ്ങളും കടന്നശേഷം. മോണോറെയിൽ പദ്ധതിയായിരുന്നു ആദ്യം വിഭാവനംചെയ്തിരുന്നത്. പിന്നീടിത് ലൈറ്റ് മെട്രോയായി. ഒടുവിലാണ് മെട്രോറെയിലിൽത്തന്നെ എത്തിയത്. രണ്ടാം ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്ത് തുടങ്ങി പദ്ധതിക്കാണ് വർഷങ്ങൾക്കുശേഷം ഇപ്പോൾ ആദ്യഘട്ട അലൈൻമെന്റിന് അംഗീകാരമാകുന്നത്.
ലൈറ്റ് മെട്രോ പദ്ധതിയായി തുടങ്ങി ഇപ്പോൾ മെട്രോയിലെത്തി നിൽക്കുമ്പോൾ ഇവ തമ്മിലുള്ള വ്യത്യാസങ്ങളും ഏറെയാണ്. തിരുവനന്തപുരംപോലുള്ള തിരക്കേറിയ നഗരത്തിൽ മെട്രോ തന്നെയാകും അനുയോജ്യമെന്നാണ് വിലയിരുത്തൽ.
സ്ഥലം, ശേഷി, വേഗം തുടങ്ങി മിക്ക കാര്യങ്ങളിലും ഇരു യുംെ െമട്രോയും തമ്മിൽ വ്യത്യാസമുണ്ട്. ലൈറ്റ് മെട്രോയിലും മെട്രോയിലും രണ്ട് ട്രാക്കുകൾ വേണം. ലെറ്റ് മെട്രോയിൽ മണിക്കൂറിൽ 15000 യാത്രക്കാരെവരെ ഉൾക്കൊള്ളാനാണ് കഴിയുക. എന്നാൽ, മെട്രോയിലിത് 40,000 വരെയാണ്. പരമാവധി വേഗത െലെറ്റ് മെട്രോയിൽ മണിക്കൂറിൽ 60 കിലോമീറ്ററും ശരാശരി 40മാണ്. മെട്രോയിൽ പരമാവധി നൂറും ശരാശരി എൺപതുമാണ്. കോച്ചുകളുടെ എണ്ണം രണ്ടുമുതൽ മൂന്നെണ്ണംവരെ ലൈറ്റിലും നാലുമുതൽ എട്ടുവരെ മെട്രോയിലുമുണ്ടാകും. നിർമാണച്ചെലവിലും വ്യത്യാസമുണ്ട്. മീഡിയം മെട്രോയ്ക്ക് കിലോമീറ്റർ 250-300കോടി( എലിവേറ്റഡ്)യും 500-600(ഭൂഗർഭ)വരെയും ചെലവുവരുമ്പോൾ ലൈറ്റ് മെട്രോയ്ക്ക് ഇത്രയും വരില്ല. സാഹചര്യങ്ങൾക്കനുസരിച്ച് ഈ കണക്കുകളിൽ വ്യത്യാസം വരാം.
