വയനാട് ബദൽ റോഡിന് പൊതുമരാമത്ത് അംഗീകാരം: 20.97 KM ദൂരം, 2.844 കിലോമീറ്ററിൽ ഇരട്ടത്തുരങ്ക പാത

Share our post

പേരാമ്പ്ര: പൂഴിത്തോട്-പടിഞ്ഞാറത്തറ-വയനാട് ബദൽ റോഡിന് തുരങ്കപാതാ നിർദേശവുമായി സമർപ്പിച്ച പുതിയ അലൈൻമെന്റിന്‌ പൊതുമരാമത്തുവകുപ്പിന്റെ അംഗീകാരം. കോഴിക്കോട് ജില്ലയിലെ പൂഴിത്തോടുമുതൽ വയനാട് ജില്ലയിലെ പടിഞ്ഞാറത്തറവരെ 20.97 കിലോമീറ്റർ നീളത്തിൽ പാതനിർമിക്കുന്നതിനാണ് അലൈൻമെന്റ് തയ്യാറാക്കിയത്. ഇതിൽ 6.5 കിലോമീറ്റർ കോഴിക്കോട് ജില്ലയിലും 14.478 കിലോമീറ്റർ വയനാട് ജില്ലയിലുമാണ്. നേരത്തേയുള്ള റൂട്ടിൽനിന്നുമാറി ദൂരവും കയറ്റങ്ങളും ഏറ്റവുംകുറഞ്ഞ രൂപത്തിലാണ് പുതിയ അലൈൻമെന്റ്. 27.225 കിലോമീറ്റർ നീളമുള്ളതായിരുന്നു നേരത്തേയുള്ള റൂട്ട്. പുതിയ അലൈൻമെന്റിൽ 6.225 കിലോമീറ്റർ ദൂരം കുറവുവരും. പൊതുമരാമത്തുവകുപ്പ് നടത്തിയ പുതിയ സാധ്യതാപഠനത്തിന്റെ അടിസ്ഥാനത്തിലാണ് അലൈൻമെന്റ് തയ്യാറാക്കിയത്. പൊതുമരാമത്ത് റോഡ്‌സ് വിഭാഗം തയ്യാറാക്കിയ മൂന്ന് റൂട്ടിന്റെ അലൈൻമെന്റിൽ തുരങ്കമുള്ള അലൈൻമെന്റാണ് അനുമതിക്കായി ഒടുവിൽ സമർപ്പിച്ചത്. കോഴിക്കോട് ജില്ലയുടെ പരിധിയിൽവരുന്ന സ്ഥലത്തുള്ള വിലങ്ങൻപാറ തുരന്ന് 2.844 കിലോമീറ്റർ നീളത്തിൽ തുരങ്കംനിർമിക്കാനാണ് നിർദേശം. 14 മീറ്ററും 10 മീറ്ററും വീതം വീതിയുള്ള ഇരട്ടത്തുരങ്കങ്ങളാണ് അലൈൻമെന്റിലുള്ളത്.

പുഴിത്തോടു നിന്ന് പാത തുടങ്ങിയാൽ 5.180 കിലോമീറ്ററിനും 7.750 കിലോമീറ്ററിനുമിടിയിലാണ് തുരങ്കത്തിന്റെ സ്ഥാനം. മൂത്തേട്ട് പുഴയ്ക്കടക്കം രണ്ട് പാലവും പാതയുടെ ഭാഗമായി വരും. വനമേഖലയിലൂടെ റോഡുനിർമിക്കാൻ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതിനെത്തുടർന്നാണ് 31 വർഷം മുൻപ്‌ തുടങ്ങിയ റോഡുനിർമാണം മുടങ്ങിക്കിടക്കുന്നത്. അതിനുശേഷം ഇത്തരത്തിലൊരു ഇൻവസ്റ്റിഗേഷനും ഡിപിആർ തയ്യാറാക്കലും ആദ്യമായാണ്. പദ്ധതിയുടെ ഡിപിആർ തയ്യാറാക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും ജനങ്ങളുടെ ദീർഘകാലാവശ്യമായ പൂഴിത്തോട്-പടിഞ്ഞാറത്തറ റോഡ് സാധ്യമാക്കാനുള്ള കഠിനപരിശ്രമമാണ് നടക്കുന്നതെന്നും പൊതുമരാമത്തുവകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. ഡിപിആർ തയ്യാറായാൽ കേന്ദ്രത്തിനുമുന്നിൽ സംസ്ഥാനസർക്കാരിന് പുതിയ പ്രപ്പോസൽ സമർപ്പിക്കാൻ വഴിയൊരുങ്ങും. ബദൽ റോഡിന്റെ ഭാഗമായിവരുന്ന പുഴിത്തോടുനിന്ന് പനയ്ക്കംകടവ് വരെയുള്ള 2.28 കിലോമീറ്റർ ദൂരം നാലുകോടി ചെലവിൽ ബിഎം ആൻഡ്‌ ബിസി നിലവാരത്തിൽ നവീകരിക്കാൻ സർക്കാരിന്റെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!