പച്ചക്കറി വില ഉയരുന്നു; ആശ്വാസം ഉള്ളിയും തക്കാളിയും
കണ്ണൂർ : പച്ചക്കറി വിപണിയിൽ വില കുതിച്ചുയരുന്നു. പല പച്ചക്കറികൾക്കും കഴിഞ്ഞ ആഴ്ച ഉള്ളതിനേക്കാളും വലിയതോതിൽ വിലകൂടിയിട്ടുണ്ട്. കോവയ്ക്ക, പയർ, ബീൻസ്, കാരറ്റ്, വഴുതന, ചെറിയ ഉള്ളി, കൊത്തവര, മുരിങ്ങക്ക, മല്ലിയില, പുതിന ഇല എന്നിവയ്ക്കെല്ലാം വില കൂടിയിട്ടുണ്ട്. ദിവസങ്ങൾക്ക് മുൻപ് കിലോക്ക് 45 രൂപയായിരുന്ന കോവയ്ക്കക്ക് 85 രൂപയാണിപ്പോൾ. 40 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. 60 രൂപ ഉണ്ടായിരുന്ന പയറിന് 75-80 വരെയാണ് വില. ബീൻസ് വില 70-ൽനിന്ന് 80-ലെത്തി. അടുക്കളയിലെ പ്രധാന താരങ്ങളായ ഉള്ളിക്കും തക്കാളിക്കും വില വർധിച്ചിട്ടില്ലെന്നതാണ് ആശ്വാസം. ഉള്ളിവില കിലോ 28, തക്കാളി 24 എന്നിങ്ങനെ തുടരുന്നു. ഇതുകൂടാതെ കക്കിരി, കാബേജ്, ചീര, ഇളവൻ എന്നിവയുടെ വിലയിലും വർധന ഉണ്ടായിട്ടില്ല. വൃശ്ചികമാസവ്രതാരംഭത്തോടെ പച്ചക്കറിക്ക് വില ഇനിയും വർധിക്കുമെന്നാണ് കരുതുന്നത്. തമിഴ്നാട് ഉൾപ്പടെയുള്ള സംസ്ഥാനങ്ങളിൽനിന്ന് പച്ചക്കറി എത്തുന്നതിൽ വൻതോതിൽ കുറവ് ഉണ്ടായിട്ടുണ്ടെന്ന് കച്ചവടക്കാർ പറയുന്നു.
