റീചാര്‍ജ് കീശ കാലിയാക്കും? ടെലികോം താരിഫ് നിരക്കുകള്‍ വീണ്ടും വര്‍ധിപ്പിച്ചേക്കും; മൗനം വെടിയാതെ ജിയോ, എയര്‍ടെല്‍, വി

Share our post

തിരുവനന്തപുരം: രാജ്യത്തെ സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ അടുത്ത നിരക്ക് വര്‍ധനയ്‌ക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. വരും മാസങ്ങളില്‍ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ (വി) എന്നീ കമ്പനികള്‍ അവരുടെ റീചാര്‍ജ് പ്ലാനുകള്‍ക്ക് 10 ശതമാനം താരീഫ് കൂട്ടിയേക്കുമെന്നാണ് ദേശീയ മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. 2024-ല്‍ രാജ്യത്തെ ടെലികോം രംഗത്ത് വലിയ കൊടുങ്കാറ്റ് സൃഷ്‌ടിച്ച നിരക്ക് വര്‍ധനയ്‌ക്ക് ശേഷമുള്ള ആദ്യ വര്‍ധനവിനാണ് ടെലികോം കമ്പനികള്‍ കച്ചമുറുക്കുന്നത് എന്നാണ് സൂചന. എന്നാല്‍ ഉടനടിയൊരു താരിഫ് വര്‍ധനയുണ്ടാകുമെന്ന വാര്‍ത്തകളോട് റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വി എന്നീ ടെലികോം ഓപ്പറേറ്റര്‍മാര്‍ പ്രതികരിച്ചിട്ടില്ല.

എന്‍ട്രി-ലെവല്‍ പ്ലാനുകളില്‍ മാറ്റം വരുത്തല്‍ തന്ത്രം

എന്‍ട്രി-ലെവല്‍ 1 ജിബി പ്രതിദിന പ്രീപെയ്‌ഡ് പ്ലാനുകള്‍ ഈയടുത്ത് സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാരായ റിലയന്‍സ് ജിയോയും ഭാരതി എയര്‍ടെല്ലും പിന്‍വലിച്ചിരുന്നു. ഇത് ഉപഭോക്താക്കളെ കൂടിയ നിരക്കിലുള്ള ഡാറ്റാ പ്ലാനുകള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിക്കുന്നു. ദിവസം 1.5 ജിബി വീതം ഡാറ്റ എന്ന തരത്തിലാണ് ഈ കമ്പനികള്‍ ഇപ്പോള്‍ കുറഞ്ഞ നിരക്കിലുള്ള മിക്ക പ്രീപെയ്‌ഡ് പ്ലാനുകളും നല്‍കുന്നത്. മുമ്പത്തെ 249 രൂപ ഡാറ്റാ പ്ലാനുകളുമായി താരതമ്യം ചെയ്യുമ്പോള്‍ 299 രൂപയിലാണ് ഈ റീചാര്‍ജുകളുടെ തുടക്കം. 1 ജിബി ഡാറ്റ ദിനേനയുള്ള പ്ലാന്‍ ഇപ്പോഴും നല്‍കുന്ന സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍ വി (വോഡഫോണ്‍ ഐഡിയ) ആണ്.

പ്രതികരിക്കാതെ കമ്പനികള്‍

5ജി ഇന്‍ഫ്രാസ്‌ട്രക്‌ചറില്‍ ശ്രദ്ധ പതിപ്പിക്കുന്നതിനാല്‍ ഭാരതി എയര്‍ടെല്ലിനും വി-യ്‌ക്കും താരിഫ് പുതുക്കല്‍ അനിവാര്യമാണെന്ന നിലപാടാണുള്ളത് എന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ഉടനടിയുള്ള താരിഫ് വര്‍ധനവിന് പകരം കുറഞ്ഞ നിരക്കിലുള്ള റീചാര്‍ജ് പ്ലാനുകള്‍ ഒഴിവാക്കുകയാണ് ഇപ്പോള്‍ ടെലികോം കമ്പനികള്‍ അവലംബിച്ചിരിക്കുന്ന തന്ത്രം. ഇതിലൂടെ ആകെ ആവറേജ് റെവന്യൂ പെര്‍ യൂസര്‍ വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. അതേസമയം, പൊതുമേഖല ടെലികോം കമ്പനിയായ ബിഎസ്എന്‍എല്‍ (ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ്) താരിഫ് വര്‍ധനയ്‌ക്ക് തയ്യാറാകുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷം സ്വകാര്യ ടെലികോം ഓപ്പറേറ്റര്‍മാര്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചപ്പോള്‍ ബിഎസ്എന്‍എല്‍ നിലവിലെ നിരക്കുകളില്‍ തുടരാന്‍ തീരുമാനിക്കുകയാണ് ചെയ്‌തത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!