ആറളം ശലഭ ഗ്രാമം; രൂപരേഖ തയ്യാറാക്കാൻ നിർദേശം
കേളകം: ആറളം ശലഭ ഗ്രാമത്തെ വികസിപ്പിക്കുന്നതിന് വിശദ പദ്ധതി രൂപരേഖ തയാറാക്കാൻ ചീഫ് വൈൽഡ്ലൈഫ് വാർഡന് സർക്കാർ നിർദേശം നൽകി. പശ്ചിമഘട്ടത്തിൽ മാത്രം കാണുന്ന 40ൽ പരം എൻഡെമിക് ചിത്രശലഭങ്ങളിൽ 27 എണ്ണവും ആറളത്ത് നിരീക്ഷിച്ചിട്ടുണ്ട്. തുടർച്ചയായി നടത്തിവരുന്ന സർവേ കണക്ക് പ്രകാരം കേരളത്തിൽ രേഖപ്പെടുത്തിയ 327 ഇനം ചിത്രശലഭങ്ങളിൽ 266 എണ്ണം ആറളം വന്യജീവി സങ്കേതത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളത്തിൽ കാണുന്ന ചിത്രശലഭ വൈവിധ്യത്തിന്റെ 82 ശതമാനം ഈ കൊച്ചു വന്യജീവി സങ്കേതത്തിൽ കാണാൻ കഴിയും.ചിത്രശലഭങ്ങളുടെ ഈ വൈവിധ്യം വന്യജീവി സങ്കേതത്തിൽ മാത്രമല്ല ഇതുമായി തൊട്ടടുത്തുള്ള ആറളം ഫാം, പുനരധിവാസ മേഖല എന്നിവിടങ്ങളിലും വ്യാപിച്ചുകിടക്കുന്നുണ്ട്. ചിത്രശലഭങ്ങളുടെ പ്രത്യേകിച്ച് കോമൺആൽബട്രോസ് ശലഭങ്ങളുടെ ദേശാടനവും മഡ് പഡ്ലിങ്ങും, ശലഭങ്ങളുടെ കൂട്ടംചേരലും ആറളത്തെ പ്രകൃതി സ്നേഹികളുടെ പ്രധാന ഇടമാക്കി മാറ്റിയിട്ടുണ്ട്. ആറളം വന്യജീവി സങ്കേതവും അതിനോട് ചേർന്നു കിടക്കുന്ന ആറളം പുനരധിവാസ മേഖലയും ആറളം ഫാം ചീങ്കണ്ണിപ്പുഴയോട് ചേർന്ന ആറളം, കണിച്ചാർ, കേളകം, മുഴക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ ഭാഗങ്ങൾ ഉൾപ്പെടുന്ന പ്രദേശത്തെ ആറളം പുനരധിവാസ മേഖലയിലേയും ആറളം ഫാമിന്റെയും ഗ്രാമവാസികളുടെയും ഭൂവിനിയോഗത്തിലോ ഭൂമി ലഭിച്ചവരുടെ അവകാശത്തിലോ ഒരു മാറ്റവുമുണ്ടാക്കാത്ത രീതിയിൽ വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് തയാറാക്കുക.
