അഴിമതി ആരോപണത്തിൽ മുങ്ങി കോർപ്പറേഷൻ കൗൺസിൽ യോഗം
കണ്ണൂർ: അഴിമതി ആരോപണത്തിൽ മുങ്ങി കോർപറേഷൻ കൗൺസിൽ യോഗം. കൗൺസിൽ ആരംഭിച്ച ഉടൻ ഇന്നലെ സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് മേയർക്കെതിരെ ഉയർത്തിയ അഴിമതി ആരോപണം ഉൾപ്പെടെ പ്രതിപക്ഷാംഗങ്ങൾ കൗൺസിലിൽ പ്ലക്കാർഡുകൾ ഉയർത്തി പ്രതിഷേധിച്ച് മേയർക്ക് മുന്നിൽ മുദ്രാവാക്യം വിളിക്കുകയായിരുന്നു. പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് മേയർക്ക് മുന്നിൽ പ്രതിഷേധിച്ചതോടെ മേയർ അജണ്ട വായിച്ച് കൗൺസിൽ നടപടികൾ പൂർത്തിയാക്കി. മേയർ അജണ്ട വായിച്ച് തുടങ്ങിയതോടെ പി കെ രാഗേഷ് ക്രമപ്രശ്നം ഉന്നയിച്ചെങ്കിലും കൗൺസിൽ നടപടി പൂർത്തിയാക്കി മേയർ സീറ്റിൽ നിന്നും എഴുന്നേൽക്കുകയായിരുന്നു. ഇന്നലെ രാത്രി 11 മണിക്ക് ശേഷമാണ് അടിയന്തിര കൗൺസിൽ അജണ്ട കൗൺസിലർമാർക്ക് നൽകിയത്. ഇതിൽ പ്രതിഷേധിച്ചാണ് സ്ഥിരം സമിതി അധ്യക്ഷൻ പി കെ രാഗേഷ് ബഹളമുയർത്തിയത്. ഭരണപക്ഷാംഗങ്ങളും മുദ്രാവാക്യം വിളികളോടെ മേയർക്ക് മുന്നിലെത്തി വലയം തീർത്തു.
കൗൺസിൽ നടപടികൾ അവസാനിപ്പിച്ചതോടെ പ്രതിപക്ഷാംഗങ്ങൾ മുദ്രാവാക്യം വിളികളോടെ പുറത്ത് പോവുകയായിരുന്നു. പ്രതിഷേധ സാഹചര്യം കണക്കിലെടുത്ത് കൗൺസിൽ ഹാളിന് പുറത്ത് ശക്തമായ പോലീസ് സാന്നിധ്യം നിലയുറപ്പിച്ചിരുന്നു.
