കസ്റ്റംസ് അഡ്വക്കെറ്റെന്ന പേരില്‍ യുവതിയിൽ നിന്ന് തട്ടിയത് അരക്കോടിയിലേറെ, യുവ അഭിഭാഷക പിടിയില്‍
കോഴിക്കോട്: താന്‍ കസ്റ്റംസിന്‍റെ പാനല്‍ അഭിഭാഷകയാണെന്ന് തെറ്റിദ്ധരിപ്പിച്ച് യുവതിയില്‍ നിന്ന് അരക്കോടിയിലധികം രൂപ തട്ടിയെടുത്ത അഡ്വക്കറ്റ് പിടിയില്‍. പാലക്കാട് ഒലവങ്കോട് സ്വദേശിനിയും യുവ അഭിഭാഷകയുമായ ആനന്ദ സദനില്‍ പ്രവീണയെ (38) ആണ് കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലീസ് അറസ്റ്റ് ചെയ്തത്. സുഹൃത്ത് വഴി പരിചയപ്പെട്ട മാവൂര്‍ സ്വദേശിനിയായ യുവതിയെ ഇവര്‍ കബളിപ്പിച്ചെന്നാണ് പരാതി.കസ്റ്റംസിന്റെ പാനല്‍ അഭിഭാഷകയാണെന്ന് യുവതിയെ വിശ്വസിപ്പിക്കുകയും കസ്റ്റംസ് പിടികൂടുന്ന സ്വര്‍ണം റിലീസ് ചെയ്യുന്നതിനായി പണം നല്‍കിയാല്‍ വലിയ കമ്മീഷന്‍ ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിക്കുകയും ചെയ്ത് യുവതിയിൽ നിന്ന് 56.50 ലക്ഷം രൂപ തട്ടിയെടുത്തെന്നാണ് പരാതി. തന്റെ കൈവശമുണ്ടായിരുന്ന സ്വര്‍ണമെല്ലാം പണയം വച്ചാണ് യുവതി പ്രവീണക്ക് വലിയ തുക കൈമാറിയത്. എന്നാല്‍ തട്ടിപ്പ് ബോധ്യമായതോടെ പോലീസില്‍ പരാതി നല്‍കി. മെഡിക്കല്‍ കോളേജ് എസിപി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പ്രവീണയെ എറണാകുളത്ത് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തു.
