കേളകം ആരോഗ്യകേന്ദ്രം; കെട്ടിട നിർമാണം നിലച്ചിട്ട് മൂന്നു വർഷം
കേളകം: കേളകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണപ്രവ്യത്തി നിലച്ചിട്ട് മൂന്ന് വർഷം. ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉദ്ഘാടനം ചെയ്യാനും സാധിക്കുന്നില്ല. 2022 ആഗസ്റ്റിലാണ് കെട്ടിട നിർമാണം ആരംഭിച്ചത്. ഇതിനായി എൻ.എച്ച്.എം 64 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പ് റൂം, കുട്ടികളുടെ പ്ലേ ഏരിയ, ഓഫിസ് റൂം, ഓഡിറ്റോറിയം എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കേണ്ടിയിരുന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പണിത ശേഷം കരാറുകാരൻ പണികൾ അവസാനിപ്പിച്ചു. രണ്ട് നിലകൾ പണിതെന്നത് ഒഴിച്ചാൽ കെട്ടിടത്തിന്റെ മറ്റ് പ്രവൃത്തികളെല്ലാം ബാക്കിവെച്ചാണ് കരാറുകാരൻ പോയത്. 2022 ഡിസംബറോടെയാണ് പണികൾ നിലച്ചത്. പിന്നീട് യാതൊരു നിർമാണ പ്രവർത്തനങ്ങളും നാളിതുവരെയായി നടന്നിട്ടില്ല. മലയോര ഗ്രാമമായ കേളകത്തെ സാധരണക്കാരായ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പ്രാഥമികാരോഗ്യ കേന്ദ്രത്തെയാണ്. ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ കുടുംബാരോഗ്യ കേന്ദ്രം എന്ന സ്വപ്നം യാഥാർഥ്യമാവൂ.
