ശബരിമലയിൽ അടിമുടി സ്വർണക്കൊള്ള; ശ്രീകോവിൽ വാതിലില്‍ സ്വര്‍ണംപൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമലയില്‍ ശ്രീകോവിലിന്റെ വാതിലില്‍ സ്വര്‍ണം പൂശിയതിലും അന്വേഷണം വേണമെന്ന് ഹൈക്കോടതി. ശബരിമല സ്വര്‍ണപ്പാളി കേസില്‍ പ്രത്യേക അന്വേഷണസംഘത്തിന്റെ (എസ്‌ഐടി) രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചശേഷമാണ് ഹൈക്കോടതി ഈ നിര്‍ദേശം നല്‍കിയത്. നേരത്തേ വിജയ് മല്യ തനിത്തങ്കം പൂശിയ വാതില്‍പ്പാളികള്‍ അഴിച്ചെടുത്ത് സ്വര്‍ണം പൂശാന്‍ കൊടുത്തുവിട്ടതില്‍ അന്വേഷണം വേണമെന്നാണ് ഹൈക്കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ശബരിമലയില്‍ പരമസ്വാതന്ത്ര്യം നല്‍കിയെന്നും ഇതിന് പിന്നിലാരാണെന്നും അവരെ കണ്ടെത്തണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. ബുധനാഴ്ച രാവിലെ അടച്ചിട്ട കോടതിമുറിയിലാണ് എസ്‌ഐടിയുടെ രണ്ടാംഘട്ട അന്വേഷണ റിപ്പോര്‍ട്ട് പരിഗണിച്ചത്. എസ്‌ഐടി സംഘത്തിലെ അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ്. ശശിധരന്‍ കോടതിയില്‍ നേരിട്ട് ഹാജരായി. അദ്ദേഹത്തോട് കോടതി നേരിട്ട് സംശയങ്ങള്‍ ചോദിച്ചു.
ആദ്യഘട്ടത്തിലെ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചപ്പോള്‍ ഇനി പുറത്തുവരേണ്ടത് ഗൂഢാലോചനയാണെന്ന് കോടതി പറഞ്ഞിരുന്നു. പത്തുദിവസത്തിനിടെ അന്വേഷണത്തില്‍ എന്ത് പുരോഗതിയുണ്ടായെന്നും കോടതി വിലയിരുത്തി. എസ്‌ഐടി പിടിച്ചെടുത്ത മിനിറ്റ്‌സ് ബുക്കും കോടതി പരിശോധിച്ചു. മിനിറ്റ്‌സ് രേഖപ്പെടുത്തിയതിലും ക്രമക്കേടുണ്ടെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ഇതിനിടെ ശബരിമല സ്വര്‍ണപ്പാളി കേസുമായി ബന്ധപ്പെട്ട് ബുധനാഴ്ച ദേവസ്വം വിജിലന്‍സും മറ്റൊരു റിപ്പോര്‍ട്ടും സമര്‍പ്പിച്ചു. സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട കത്തിടപാടുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ് ദേവസ്വം വിജിലന്‍സ് പുതുതായി സമര്‍പ്പിച്ചത്. എസ്‌ഐടി അന്വേഷണത്തിനൊപ്പം ദേവസ്വം വിജിലന്‍സും അന്വേഷണം നടത്തുന്നുണ്ട്. ദേവസ്വം വിജിലന്‍സ് സമര്‍പ്പിക്കുന്ന നാലാമത്തെ റിപ്പോര്‍ട്ടാണിത്.
