വെള്ളിക്കീല്‍ ഇക്കോ പാര്‍ക്കും വെള്ളിക്കീല്‍-പറശ്ശിനിക്കടവ് ടൂറിസം കോറിഡോര്‍ പ്രവൃത്തിയും മന്ത്രി ഉദ്ഘാടനം ചെയ്തു
പറശ്ശിനി: വെള്ളിക്കീല്‍ ഇക്കോ പാർക്കിന്റെയും വെള്ളിക്കീല്‍-പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിന്റെയും പ്രവൃത്തി ഉദ്‌ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിർവഹിച്ചു. നാട്ടില്‍ ടൂറിസം വളർത്തുന്നതിനുള്ള പ്രചാരണം എല്ലാവരും ഏറ്റെടുത്ത് നടത്തണമെന്ന് മന്ത്രി പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പഞ്ച നക്ഷത്ര ഹോട്ടലുകള്‍ പ്രവർത്തിക്കുന്ന സംസ്ഥാനം കേരളമാണ്. പൊതുമരാമത്ത് വകുപ്പിന്റെ റെസ്റ്റ് ഹൗസുകളില്‍ ഓണ്‍ലൈൻ ബുക്കിങ് ആരംഭിച്ചതിനു ശേഷം 30 കോടി രൂപയുടെ അധിക വരുമാനം നേടാനായെന്നും മന്ത്രി പറഞ്ഞു. എം വി ഗോവിന്ദൻ മാസ്റ്റർ എംഎല്‍എ അധ്യക്ഷനായി. 16.95 കോടിയുടെ വികസന പ്രവൃത്തികളാണ് വെള്ളിക്കീലില്‍ ഉദ്ഘാടനം ചെയ്തത്. പ്രകൃതിയോടിണങ്ങി വിനോദവും സാഹസികതയും ചേർന്നൊരു യാത്രയാണ് വെള്ളിക്കീല്‍ ഇക്കോ ടൂറിസം പാർക്കിലുണ്ടാവുക. ഹാപ്പിനസ് കോറിഡോറിന്റെ ഭാഗമായി റോഡിനിരുവശത്തും കൈവരികള്‍ സ്ഥാപിച്ച് നടപ്പാതയൊരുക്കും. റോഡില്‍ ഡിവൈഡറും അലങ്കാര വിളക്കുകളും സ്ഥാപിക്കും. ധർമശാല മുതല്‍ ഒഴക്രോംവരെ റോഡിനിരുവശത്തും ഇന്റർലോക്ക് പാകിയ നടപ്പാതയും കൈവരികളും സ്ഥാപിക്കും. തെരുവുവിളക്കുകളുമുണ്ടാകും. നടപ്പാതയോടുചേർന്ന് മനോഹര ഇരിപ്പിടങ്ങളും ചെറുപൂന്തോട്ടവും സജ്ജമാക്കും. ആന്തൂർ നഗരസഭ വൈസ് ചെയർപേഴ്സണ്‍ വി സതീദേവി, നഗരസഭാ സ്ഥിരം സമിതി അധ്യക്ഷൻ കെ പി ഉണ്ണികൃഷ്ണൻ, വാർഡ് കൗണ്‍സിലർ ടി എൻ നിമിഷ, ഹാൻവീവ് ചെയർമാൻ ടി കെ ഗോവിന്ദൻ, വിസ്മയ പാർക്ക് വൈസ് ചെയർമാൻ കെ സന്തോഷ് , നഗരസഭാ മുൻ ചെയർപേഴ്സണ്‍ പി കെ ശ്യാമള ടീച്ചർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ ടി സി മനോജ് കുമാർ, സംഘാടക സമിതി കണ്‍വീനർ ഇ കെ വിനോദൻ എന്നിവർ സംസാരിച്ചു.
