മൂന്ന് മെഡിക്കൽ കോളേജുകൾക്ക് പുതിയ കാത്ത് ലാബ്; അത്യാധുനിക സംവിധാനങ്ങൾക്ക് 44 കോടി രൂപയുടെ ഭരണാനുമതി
തിരുവനന്തപുരം: ആലപ്പുഴ, എറണാകുളം, കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജുകളിൽ പുതിയ കാത്ത് ലാബുകൾ സ്ഥാപിക്കുന്നതിന് 44.30 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. ആലപ്പുഴ മെഡിക്കൽ കോളേജിന് 14.31 കോടി രൂപയും എറണാകുളം മെഡിക്കൽ കോളേജിന് 14.99 കോടി രൂപയും കോഴിക്കോട് മെഡിക്കൽ കോളേജിന് 15 കോടി രൂപയുമാണ് അനുവദിച്ചത്. നൂതന ഹൃദ്രോഗ ചികിത്സയ്ക്ക് സർക്കാർ വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്ത് പ്രധാന മെഡിക്കൽ കോളേജുകൾക്ക് പുറമേ ആരോഗ്യ വകുപ്പിന് കീഴിൽ 12 ആശുപത്രികളിൽ കാത്ത് ലാബ് സജ്ജമാക്കിയിട്ടുണ്ട്. ഇടുക്കിയിൽ കൂടി കാത്ത് ലാബ് സ്ഥാപിക്കുന്നതോടെ എല്ലാ ജില്ലകളിലും കാത്ത് ലാബുള്ള സംസ്ഥാനമായി കേരളം മാറും. ആലപ്പുഴ ജില്ലയിലെ സർക്കാർ മേഖലയിലെ ഒരേയൊരു കാത്ത് ലാബാണ് ആലപ്പുഴ മെഡിക്കൽ കോളേജിലുള്ളത്. രണ്ട് വർഷം കൊണ്ട് 5,000ലധികം കാർഡിയാക് പ്രൊസീജിയറുകളാണ് ചെയ്തത്. കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടിഎംടി മെഷീൻ, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്ററുകൾ, 20 ഐസിയു കിടക്കകൾ, എക്കോ മെഷീൻ, വിവിധ ഉപകരണങ്ങൾ തുടങ്ങിയവയ്ക്കായാണ് തുകയനുവദിച്ചത്.
എറണാകുളം മെഡിക്കൽ കോളേജിലെ സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്കിനായാണ് പുതുതായി കാത്ത് ലാബ് അനുവദിച്ചത്. കാത്ത് ലാബ്, 20 കിടക്കകളുള്ള പോസ്റ്റ് കാത്ത് ഐസിയു, ടെമ്പററി പേസ് മേക്കർ, 5 വെന്റിലേറ്റർ, എക്കോ മെഷീൻ, അനസ്‌തേഷ്യ വർക്ക് സ്റ്റേഷൻ, പോർട്ടബിൾ എക്കോ മെഷീൻ, മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്. കേരളത്തിൽ ഏറ്റവും കൂടുതൽ കാർഡിയോ ഇന്റർവെൻഷൻ ചെയ്യുന്ന ആശുപത്രിയാണ് കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്. കൂടുതൽ രോഗികൾക്ക് സഹായകമാകാനാണ് പുതുതായി ഒരു കാത്ത് ലാബ് കൂടി സ്ഥാപിക്കുന്നത്. അഡ്വാൻസ്ഡ് കാത്ത് ലാബ്, എക്കോ മെഷീൻ, കാർഡിയാക് 3 ഡി മാപ്പിംഗ് സിംസ്റ്റം, 15 ഐസിയു കിടക്കകൾ, 15 കാർഡിയാക് മോണിറ്റർ, 3 വെന്റിലേറ്റർ, എമർജൻസി ട്രോമ കോട്ട് മറ്റ് ഉപകരണങ്ങൾ എന്നിവയ്ക്കായാണ് തുക അനുവദിച്ചത്.
