മുഖംമാറി മൊഞ്ചാകാൻ കണ്ണൂർ നഗരം
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ കണ്ണൂർ നഗരത്തിൽ കോർപറേഷന്റെ വികസന പ്രവൃത്തികൾ തകൃതി. നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന നഗരസൗന്ദര്യവത്കരണമാണ് പുരോഗമിക്കുന്നത്. ഇതു കൂടാതെ വിവിധിയടങ്ങളിൽ ബസ് ഷെൽട്ടറുകളുടെ പ്രവൃത്തികളും നടക്കുന്നുണ്ട്. കഴിഞ്ഞ ദിവസം കാൽടെക്സ് ജങ്ഷനിൽ എ.സി ബസ് ഷെൽട്ടറും കോർപറേഷന്റെ കീഴിൽ തുറന്നു നൽകിയിരുന്നു.രണ്ട് ഘട്ടങ്ങളിലായാണ് നഗര സൗന്ദര്യവത്കരണം പുരോഗമിക്കുന്നത്. കണ്ണൂർ ഗാന്ധിസർക്കിൾ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയും പ്ലാസ ജങ്ഷൻ മുതൽ പ്രഭാത് ജങ്ഷൻ വരെയുമാണ് നവീകരിക്കുന്നത്. ഇതിനായി ധനകാര്യ കമീഷൻ ടൈഡ് ഫണ്ടിൽ ഉൾപ്പെടുത്തി 5.41 കോടി രൂപ അനുവദിച്ചിരുന്നു.
ഗാന്ധി സർക്കിൾ മുതൽ പഴയ ബസ് സ്റ്റാൻഡ് വരെയുള്ള 860 മീറ്റർ പ്രവൃത്തി അന്തിമഘട്ടത്തിലാണ്. കോർപറേഷൻ, താലൂക്ക് ഓഫിസ്, ജവഹർ സ്റ്റേഡിയം, കോടതി തുടങ്ങി പ്രധാനപ്പെട്ട കേന്ദ്രങ്ങളിലേക്കുള്ള നിരവധി ജനങ്ങൾ ആശ്രയിക്കുന്ന കാൽടെക്സ് ജങ്ഷനിലെ ഗാന്ധി സർക്കിളിൽ നിന്ന് തുടങ്ങി കെ.വി.ആർ ടവർ, പൊലീസ് മൈതാനം, പഴയ ബസ് സ്റ്റാൻഡ് എന്നിവിടങ്ങളിലെ ഇരുവശങ്ങളിലെ ഫുട്പാത്തുകളാണ് ഒരു ഫേസിൽ നവീകരിക്കുന്നത്.രണ്ടാമത്തെ പ്രവൃത്തിയിൽ കണ്ണൂർ പ്ലാസ ജങ്ഷനിൽ നിന്ന് തുടങ്ങി പ്രഭാത് ജങ്ഷൻ വരെയുള്ള 500 മീറ്ററാണ് നവീകരിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, പുതിയ ബസ് സ്റ്റാൻഡ് എന്നിവയിലേക്കുള്ള പ്രധാനപ്പെട്ട റോഡായതിനാൽ ജനങ്ങൾക്ക് വളരെ ഉപകാരപ്രദമാകും.
നിലവിലുള്ള ഇന്റർലോക്ക് പൊളിച്ചുമാറ്റി പുതിയത് പാകൽ, റോഡുകളിൽ മീഡിയൻ, ഇരുവശങ്ങളിലും ടൈലുകൾ പാകൽ, ഫുട്പാത്തിന് ആവശ്യത്തിനുള്ള ലൈറ്റുകൾ, ഹാൻഡ് റെയിൽ എന്നിവയാണ് സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി നടക്കുന്നത്. കൂടാതെ കെ.വി.ആർ ടവർ, യോഗശാല ജങ്ഷനുകളിൽ ടേൺഎബൗട്ട് ഡിവൈഡറും ഗാന്ധിസർക്കിളിൽ ക്ലോക്ക് ടവറും സ്ഥാപിക്കും. അതേസമയം സൗന്ദര്യവൽകരണ പ്രവൃത്തികൾ അശാസ്ത്രീയമായാണ് നടക്കുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചു.കോർപറേഷൻ സൗന്ദര്യവത്കരണം തകൃതിയായി നടക്കുമ്പോഴും മറ്റു സ്ഥലങ്ങളിലെ ഓവുചാലുകളിലെ സ്ലാബുകൾ തകർന്ന് കാൽനട പോലും ദുരിതത്തിലായിരിക്കുകയാണ്. കാൽടെക്സ് തെക്കിബസാർ റോഡിലെ പല സ്ലാബുകളും തകർന്നിരിക്കുകയാണ്. അതേസമയം ഇവിടങ്ങളിലെ പ്രവൃത്തികൾ നടപ്പാക്കേണ്ടത് ദേശീയപാത അധികൃതരാണെന്ന് കോർപറേഷൻ അധികൃതർ പറഞ്ഞു.
