പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ വഴി ലക്ഷങ്ങള്‍ തട്ടിയ കേസിൽ കണ്ണൂര്‍ സ്വദേശി പിടിയിൽ

Share our post

തൃശൂര്‍ : പാര്‍ട്ട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഓണ്‍ലൈന്‍ ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസിലെ പ്രതി അറസ്റ്റില്‍. കണ്ണൂര്‍ കതിരൂര്‍ പുളിയോട് സ്വദേശിയായ സി വിനീഷ് (39) ആണ് തൃശൂര്‍ റൂറല്‍ സൈബര്‍ പോലീസിന്റെ പിടിയിലായത്. ‘ഡി.ഡി.ബി. വേള്‍ഡ് വൈഡ് മീഡിയ ഇന്ത്യ’ എന്ന കമ്പനിയുടെ പേരില്‍ ഹോട്ടലുകള്‍ക്കും റെസ്റ്റോറന്റുകള്‍ക്കും സ്റ്റാര്‍ റേറ്റിംഗ് നല്‍കുന്ന ഓണ്‍ലൈന്‍ ജോലി ചെയ്താല്‍ പണം സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ സ്വദേശിയായ ആദര്‍ശ് (32) എന്നയാളില്‍ നിന്ന് അഞ്ചര ലക്ഷത്തോളം രൂപ തട്ടിയ കേസിലാണ് പ്രതി കുടുങ്ങിയത്. വിവിധ ടാസ്‌ക്കുകള്‍ നല്‍കി പല കാരണങ്ങള്‍ പറഞ്ഞ് പല തവണകളിലായി ആദര്‍ശിന്റെ കൈയ്യില്‍ നിന്ന് 5,28,000 രൂപ പ്രതിയുടെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയപ്പിച്ച് വാങ്ങിയാണ് തട്ടിപ്പ് നടത്തിയത്. പരാതിക്കാരന് നഷ്ടമായ തുകയില്‍ ഉള്‍പ്പെട്ട 58,000 രൂപ വിനീഷിന്റെ അക്കൗണ്ടിലേക്ക് എത്തിയതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. വിനീഷിന്റെ ബാങ്ക് അക്കൗണ്ട് സ്റ്റേറ്റ്മെന്റ് പരിശോധിച്ചതില്‍ 29 ലക്ഷത്തിലധികം രൂപയുടെ നിയമവിരുദ്ധമായ ഇടപാടുകള്‍ നടന്നതായി കണ്ടെത്തി. വിവിധ സംസ്ഥാനങ്ങളിലായി 14 കേസുകള്‍ വിനീഷിനെതിരെ നിലവിലുണ്ട്. തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!