പട്ടയമേറ്റുവാങ്ങി ആഹ്ലാദ നിറവിൽ 41 കുടുംബങ്ങൾ
ചൊക്ലി: പഞ്ചായത്ത് മേക്കുന്നിലെയും ആണ്ടിപ്പീടികയിലെയും നാൽപത്തിയൊന്നു കുടുംബങ്ങൾക്ക് പട്ടയം ലഭിച്ചു. സ്പീക്കർ എ എൻ ഷംസീർ ഉദ്ഘാടനംചെയ്തു. ചൊക്ലി പഞ്ചായത്ത് പ്രസിഡന്റ് സി കെ രമ്യ അധ്യക്ഷയായി. മേക്കുന്ന് ഉണിച്ചിരാണ്ടി, മേനപ്രം ആണ്ടിപ്പീടികയിൽ, കുന്നുമ്മക്കണ്ടി എന്നീ ഉന്നതികളിൽ താമസിക്കുന്ന 41 കുടുംബങ്ങളുടെ ദീർഘകാലത്തെ കാത്തിരിപ്പിനൊടുവിലാണ് പട്ടയം ലഭിച്ചത്. കർഷക തൊഴിലാളി യൂണിയൻ വില്ലേജ് കമ്മിറ്റിയാണ് പട്ടയവിഷയം പഞ്ചായത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയത്. ചൊക്ലി പഞ്ചായത്ത് ഭരണസമിതിയുടെ ശ്രമഫലമായി സ്പീക്കർ എ എൻ ഷംസീറിന്റെ അതിവേഗത്തിലുള്ള ഇടപെടലിലാണ് പട്ടയം സാധ്യമാക്കിയത്. 41 കുടുംബങ്ങളും പട്ടയം സ്പീക്കറിൽനിന്ന് ഏറ്റുവാങ്ങി. കർഷക തൊഴിലാളി യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗം കെ ഇ കുഞ്ഞബ്ദുള്ള, ടി ജയേഷ്, പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ വി എം റീത്ത, പഞ്ചായത്തംഗം കെ പ്രദീപ്, പഞ്ചായത്ത് സെക്രട്ടറി വി അനിഷ, വില്ലേജ് ഓഫീസർ പി ശ്രീജ, വില്ലേജ് ഉദ്യോഗസ്ഥൻമാരായ ഇ കെ ബിജു, പി പ്രശാന്ത്, വി രാജേഷ് എന്നിവർ സംസാരിച്ചു. നവാസ് പരത്തീന്റെവിടെ സ്വാഗതം പറഞ്ഞു.
മറക്കില്ല ഈ സർക്കാരിനെ
പ്രതീക്ഷിച്ചതല്ലായിരുന്നു. ആദ്യമൊക്കെ കുറെ ശ്രമിച്ചതാണ്. നിരാശയായിരുന്നു ഫലം. പഞ്ചായത്തിന്റെ വേഗത്തിലുള്ള ഇടപ്പെടലിലാണ് പട്ടയം ലഭിച്ചത്. മറക്കില്ല ഈ സർക്കാരിനെയും ഞങ്ങളുടെ എംഎൽഎയായ സ്പീക്കറെയും. 45 വർഷമായി രേഖയില്ലാതെ താമസിക്കുന്ന കുന്നുമ്മക്കണ്ടി ഉന്നതിയിൽ താമസിക്കുന്ന വയോധികനായ രാജന്റെ വാക്കുകളിൽ സർക്കാരിനോടുള്ള തികഞ്ഞ കൃതജ്ഞത. സർക്കാരിനോട് കടപ്പാട് വർഷങ്ങൾക്കുമുമ്പ് പട്ടയം ലഭിച്ചുവെങ്കിലും വില്ലേജിൽ രേഖപ്പെടുത്താത്തതിനാൽ നമ്പർ കിട്ടിയിരുന്നില്ല. അതുകൊണ്ടു തന്നെ പട്ടയം പേരിന് മാത്രമായിരുന്നു. നമ്പർ ലഭിച്ചു. പട്ടയം പുതുക്കി നൽകി. കടപ്പാടും, നന്ദിയുമുണ്ട് സർക്കാരിനോട്. ഇതിനുവേണ്ടി ശ്രമിച്ചവരോടും കടപ്പാടുണ്ടെന്ന് ആസിയ ഉണിച്ചിരാണ്ടിയിൽ പറഞ്ഞു.
