കേളകം ആരോഗ്യകേന്ദ്രം: കെട്ടിടനിർമാണം നിലച്ചിട്ട് മൂന്ന് വർഷം
കേളകം : ആരോഗ്യകേന്ദ്രത്തിലെ ഇമ്യൂണൈസേഷൻ കെട്ടിടത്തിന്റെ നിർമാണപ്രവൃത്തി നിലച്ചിട്ട് മൂന്ന് വർഷം. ഇമ്യുണൈസേഷൻ കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കാത്തതുകൊണ്ട് കുടുംബാരോഗ്യ കേന്ദ്രമാക്കി ഉദ്ഘാടനംചെയ്യാനും സാധിക്കുന്നില്ല. 2022 ഓഗസ്റ്റിലാണ് കെട്ടിടത്തിന്റെ നിർമാണം ആരംഭിച്ചത്. ഇതിനായി എൻഎച്ച്എം 64 ലക്ഷം രൂപ അനുവദിച്ചിരുന്നു. പ്രതിരോധ കുത്തിവെപ്പ് റൂം, കുട്ടികളുടെ പ്ലേ ഏരിയ, ഓഫീസ് റൂം, ഓഡിറ്റോറിയം എന്നിവയാണ് കെട്ടിടത്തിൽ ഒരുക്കേണ്ടിയിരുന്നത്. കെട്ടിടത്തിന്റെ രണ്ട് നിലകൾ പണിതശേഷം കരാറുകാരൻ പണികൾ അവസാനിപ്പിച്ചു. രണ്ട് നിലകൾ പണിത് ഉയർത്തിയെന്നത് ഒഴിച്ചാൽ കെട്ടിടത്തിന്റെ മറ്റ് പണികൾ എല്ലാം ബാക്കിവെച്ചാണ് കരാറുകാരൻ പോയത്. 2022 ഡിസംബറോടെയാണ് പണികൾ നിലച്ചത്. പിന്നീട് യാതൊരു നിർമാണപ്രവർത്തനങ്ങളും നാളിതുവരെയായി നടന്നിട്ടില്ല. മലയോര ഗ്രാമയായ കേളത്തെ സാധരണക്കാരായ ആളുകൾ പ്രധാനമായും ആശ്രയിക്കുന്നത് പ്രാഥമിക ആരോഗ്യ കേന്ദ്രത്തെയാണ്. ഇമ്യുണൈസേഷൻ ബിൽഡിങ്ങിന്റെ നിർമാണം പൂർത്തിയാക്കിയാൽ മാത്രമേ ‘കുടുംബാരോഗ്യ കേന്ദ്രം’ എന്ന സ്വപ്‌നം യാഥാർഥ്യമാവു.പഞ്ചായത്ത് ഭരണനേതൃത്വം നടപടിയെടുക്കുന്നില്ല നിർത്തിപ്പോയ നിർമാണപ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ പഞ്ചായത്ത് ഭരണനേതൃത്വത്തിന്റെ ഭാഗത്തുനിന്ന് യാതൊരു നടപടിയും ഉണ്ടായിട്ടില്ല. പഞ്ചായത്ത് ഭരണസമിതി യോഗത്തിൽ വിഷയം പലതവണ ഉന്നയിക്കുകയും ചർച്ചചെയ്യുകയുംചെയ്തു.
ബിജു ചാക്കോ,
കേളകം പഞ്ചായത്ത് അംഗം, കോൺഗ്രസ്
റീ ടെൻഡറിനുവേണ്ടി ശ്രമിക്കുന്നുണ്ട്
കരാറുകാരൻ നിർമാണം പൂർത്തിയാക്കാത്തതുകൊണ്ട് അയാളെ മാറ്റി. പുതിയ ടെൻഡർ ഇട്ടെങ്കിലും ആരും അത് ഏറ്റെടുത്തില്ല. റീ ടെൻഡറിന് വേണ്ടി ശ്രമിക്കുന്നുണ്ട്.
സി.ടി. അനീഷ്,
കേളകം പഞ്ചായത്ത് പ്രസിഡന്റ്
