ജില്ലാ പിഎസ്സി ഓഫീസിന് പുതിയ കെട്ടിടം: സ്ഥലം അനുവദിച്ച് ഉത്തരവായി
കണ്ണൂർ : നീണ്ട കാത്തിരിപ്പിനൊടുവിൽ ജില്ലാ പിഎസ്സി ഓഫീസിന് പുതിയ കെട്ടിടമെന്ന ആവശ്യം യാഥാർഥ്യമാകുന്നു. കെട്ടിടം പണിയാനാവശ്യമായ സ്ഥലം അനുവദിച്ച് സർക്കാർ ഉത്തരവായി. കണ്ണൂർ കണ്ണോത്തുംചാലിലെ ജലസേചനവകുപ്പിന് കീഴിലുള്ള 40 സെന്റ് ആണ് അനുവദിച്ചിട്ടുള്ളത്. പഴശ്ശി ജലസേചനപദ്ധതിയുടെ അധീനതയിലാണ് സ്ഥലം. തുടർനടപടികൾ വേഗത്തിലാക്കാനും ഉത്തരവായിട്ടുണ്ട്. കണ്ണൂർ സിവിൽ സ്റ്റേഷനിലെ രണ്ടാംനിലയിലാണ് നിലവിൽ പിഎസ്‌സി ഓഫീസ് പ്രവർത്തിച്ചുവരുന്നത്. സ്വന്തമായി ഓൺലൈൻ പരീക്ഷാ കേന്ദ്രം ഇല്ലാത്തതും പ്രധാന പോരായ്മയാണ്. പുതിയ ബഹുനിലകെട്ടിടം യാഥാർഥ്യമാകുമ്പോൾ ജില്ലാ ഓഫീസിന് പുറമേ ഓൺലൈൻ പരീക്ഷാകേന്ദ്രവും സ്ഥാപിതമാകും. കെട്ടിടം പണിയാനുള്ള സ്ഥലം അനുവദിച്ച ഇടതുപക്ഷസർക്കാർ എല്ലാകാലത്തും പിഎസ്‌സിയെ ശക്തിപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ടെന്നും കണ്ണൂർ ഓഫീസിന് സ്ഥലം അനുവദിച്ച കേരളസർക്കാരിനെ അഭിനന്ദിക്കുന്നെന്നും കേരള പിഎസ്‌സി എംപ്ലോയീസ് യൂണിയൻ ജില്ലാകമ്മിറ്റി അറിയിച്ചു.
