മോളേ, നീയാണെന്റെ പൊന്ന്‌; വേ​ഗറാണി ദേവപ്രിയക്ക് അഭിനന്ദനം

Share our post

തിരുവനന്തപുരം: ‘മോളേ, ഒരുപാട്‌ സന്തോഷം. അഭിനന്ദനങ്ങൾ…’ വീഡിയോ കോളിൽ ദേവപ്രിയ ഷൈബുവിനെ കണ്ടപ്പോൾ ബിന്ദു മാത്യു 38 വർഷം പിന്നിലേക്ക്‌ പോയി. ഓടിത്തളർന്നതിന്റെ കിതപ്പിലും ദേവപ്രിയ നിറഞ്ഞു ചിരിച്ചു. 1987ല്‍ പത്തനംതിട്ടയിൽ നടന്ന സ്‌കൂൾ മീറ്റിൽ 12.70 സെക്കൻഡിലാണ്‌ ബിന്ദു സബ്‌ജൂനിയർ പെൺകുട്ടികളുടെ 100 മീറ്ററിൽ റെക്കോഡിട്ടത്‌. ഇടുക്കി കാല്‍വരിമൗണ്ട് സിഎച്ച്എസിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിനിയായ ദേവപ്രിയ 12.69 സെക്കൻഡിൽ ആ സമയം തിരുത്തി. ഇനിയും ഒരുപാട്‌ മുന്നേറണമെന്നായിരുന്നു ബിന്ദുവിന്റെ ആശംസ. ഇരുനൂറ് മീറ്ററിലെ റെക്കോഡും തിരുത്തണം. അതിനും മോൾക്ക്‌ കഴിയും. മോൾക്കൊരു സമ്മാനമുണ്ട്‌. അതുമായി ഇടുക്കിയിലെ വീട്ടിലേക്ക്‌ ഒരുദിവസം ചേച്ചി വരാം’– ബിന്ദു പറഞ്ഞു.

ചേച്ചി എനിക്കുവേണ്ടി പ്രാർഥിക്കണം– ദേവപ്രിയ ചിരിച്ചു.

എറണാകുളത്ത്‌ റെയിൽവേ ടിക്കറ്റ്‌ ഇൻസ്‌പെക്‌ടറാണ്‌ ബിന്ദു. പരിമിതികളെ ഓടിത്തോല്‍പ്പിച്ച പുഞ്ചിരിയായിരുന്നു ദേവപ്രിയയുടെ മുഖത്ത്. സ്വന്തമായൊരു വീടാണ്‌ സ്വപ്‌നം. നാട്ടുകാർ സഹായത്തിനുണ്ട്‌. പക്ഷേ, സ്ഥലം കിട്ടാത്തത്‌ തിരിച്ചടിയായി. ഇക്കുറി ആ സ്വപ്‌നം പൂർത്തിയാകുമെന്ന്‌ അവൾ പ്രതീക്ഷിക്കുന്നു. ടിബിന്‍ ജോസാണ് പരിശീലകന്‍. അച്ഛന്‍ പി കെ ഷൈബു സിപിഐ എം തങ്കമണി ലോക്കല്‍ കമ്മിറ്റി അംഗവും “ദേശാഭിമാനി’ ഏജന്റുമാണ്. അമ്മ ബിസ്‌മി ഷൈബു കേരള ബാങ്ക് തങ്കമണി ബ്രാഞ്ചിലെ താല്‍ക്കാലിക ജീവനക്കാരിയും സിപിഐ എം കൂട്ടക്കല്ല് ബ്രാഞ്ച് അംഗവുമാണ്. അത്‌ലീറ്റായ സഹോദരി ദേവനന്ദ വെള്ളിയാഴ്ച ഹൈജമ്പില്‍ മത്സരിക്കുന്നുണ്ട്. ദേവാനന്ദ് സഹോദരനാണ്.പാലക്കാട് ബിഇഎം എച്ച്എസ്എസിന്റെ എസ് ആന്‍വിക്കാണ് വെള്ളി (12.79). തൃശൂര്‍ കാള്‍ഡിയന്‍ സിറിയന്‍ എച്ച്എസ്എസിലെ അഭിനന്ദന രാജേഷ് വെങ്കലവും നേടി (13.48).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!