ഹരിതചട്ടം പാലിച്ചില്ലെങ്കിൽ കർശന നടപടി – സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ

Share our post

തിരുവനന്തപുരം:തദ്ദേശപൊതുതിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനുള്ള അച്ചടിസാമഗ്രികളുടെ വിതരണത്തിലും ഉപയോഗത്തിലും പ്രകൃതിക്ക് ദോഷകരമായ വസ്തുക്കൾ ഉപയോഗിക്കുന്നവർക്കെതിരെ കർശനനടപടി സ്വീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ പാലിക്കേണ്ട ഹരിതചട്ടങ്ങളെക്കുറിച്ച് വിശദീകരിക്കാൻ വിളിച്ചു ചേർത്ത അച്ചടിസാമഗ്രികളുടെ വിതരണക്കാരുടെയും ഡീലർമാരുടെയും പ്രിന്റർമാരുടെയും സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്ന കമ്മീഷണർ. ബാനറുകൾ, ബോർഡുകൾ, കൊടിതോരണങ്ങൾ എന്നിവ പ്രിന്റ് ചെയ്യുന്നവരും ഡീലർമാരും നിയമപരമായി അംഗീകരിക്കപ്പെട്ട പുനഃചക്രമണം ചെയ്യാൻ കഴിയുന്നപരിസ്ഥിതി സൗഹൃദ വസ്തുക്കൾ മാത്രമേ ഉപയോഗിക്കുന്നുള്ളൂവെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. എല്ലാ അച്ചടി പ്രചാരണസാമഗ്രികളിലും പ്രിന്ററുടെയും പ്രസാധാകന്റെയും പേരും, എത്ര കോപ്പി അച്ചടിക്കുന്നുവെന്നിതിന്റെയും വിവരങ്ങളും ഉണ്ടെന്ന് ഉറപ്പുവരുത്തണം. പ്രകൃതി സൗഹൃദപരവും മാലിന്യമുക്തവും സമ്പൂർണമായ ഹരിതചട്ടം പാലിച്ചുമുള്ള തിരഞ്ഞെടുപ്പ് സാധ്യമാക്കുന്നതിന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എല്ലാവരുടെയും സഹകരണം അഭ്യർത്ഥിച്ചു.
പൊതു തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ഉണ്ടാകുന്ന മാലിന്യം തരംതിരിച്ച് ശേഖരിച്ച്, ശാസ്ത്രീയ സംസ്‌കരണം ഉറപ്പാക്കാനും എല്ലാവർക്കും ഒരു പോലെ ഉത്തരവാദിത്വമുണ്ടെന്ന് യോഗത്തിൽ പങ്കെടുത്ത ശുചിത്വമിഷൻ എക്‌സിക്യൂട്ടീവ് ഡയറക്ടർ യു.വി.ജോസ് അഭിപ്രായപ്പെട്ടു.
യോഗത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ സെക്രട്ടറി ബി.എസ്.പ്രകാശ്, മലിനീകരണ നിയന്ത്രണബോർഡ് എൻവയോൺമെന്റൽ എൻജിനിയർ ബിൻസി.ബി.എസ്, ശുചിത്വമിഷൻ പിആർ കൺസൾട്ടന്റ് പി.എസ്.രാജശേഖരൻ, ട്രെയ്‌നിങ് പ്രോഗ്രാം ഓഫീസർ അമീർഷാ.ആർ.എസ് തുടങ്ങിയവർ പങ്കെടുത്തു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!