ഇന്ത്യയിലെ ഒരു സർക്കാർ ആശുപത്രിയിൽ ആദ്യം; അവയവം മാറ്റിവയ്ക്കലിൽ ചരിത്ര നേട്ടവുമായി കോട്ടയം മെഡിക്കൽ കോളേജ്

Share our post

കോട്ടയം: അവയവം മാറ്റിവയ്‍ക്കൽ ശസ്ത്രക്രിയയിൽ ചരിത്രംകുറിച്ച് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി. ഒറ്റ ദിവസംകൊണ്ട് മൂന്ന് പ്രധാന അവയവങ്ങൾ മറ്റ് രോ​ഗികളിൽ മാറ്റിവെക്കുന്ന ഇന്ത്യയിലെ ആദ്യ സർക്കാർ ആശുപത്രിയായി കോട്ടയം മെഡിക്കൽ കോളേജ് നേട്ടം കൈവരിച്ചു. ഹൃദയം, ശ്വാസകോശം, വൃക്ക എന്നിവയാണ് മാറ്റിവെച്ചത്. സര്‍ക്കാര്‍ ആശുപത്രിയില്‍ ശ്വാസകോശം മാറ്റിവയ്ക്കുന്നതും ആദ്യമായാണ്. പതിനൊന്നാമത്തെ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയും കൂടിയാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടക്കുന്നത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ മസ്തിഷ്‌ക മരണം സംഭവിച്ച തിരുവനന്തപുരം പൂഴനാട് കാവിന്‍പുറത്ത് വീട്ടില്‍ എ ആര്‍ അനീഷിന്റെ (38) അവയവങ്ങളാണ് ദാനം ചെയ്തത്. തീവ്രദുഃഖത്തിലും അവയവം ദാനം ചെയ്യാന്‍ സന്നദ്ധരായ അനീഷിന്റെ ബന്ധുക്കളെ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നന്ദി അറിയിക്കുകയും ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറായ എ ആര്‍ അനീഷിന്റെ ഹൃദയം ഉള്‍പ്പടെ ഒന്‍പത് അവയവങ്ങളാണ് ദാനം ചെയ്യുന്നത്. ഹൃദയം, ശ്വാസകോശം, രണ്ട് വൃക്ക, പാന്‍ക്രിയാസ്, കരള്‍, കൈ, രണ്ട് നേത്രപടലം എന്നീ അവയവങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്കയും ഹൃദയവും ശ്വാസകോശവും രണ്ട് നേത്രപടലങ്ങളും കോട്ടയം മെഡിക്കല്‍ കോളേജിലേക്കും ഒരു വൃക്കയും പാന്‍ക്രിയാസും കൈയും കൊച്ചി അമൃത ആശുപത്രിയിലേക്കും കരള്‍ കോട്ടയം കാരിത്താസ് ആശുപത്രിയിലെ രോഗികള്‍ക്കുമാണ് നല്‍കിയത്. കെ-സോട്ടോയുടെ നേതൃത്വത്തിലാണ് അവയവ കൈമാറ്റ നടപടിക്രമങ്ങളും ഏകോപനവും നടന്നത്. ഒക്ടോബര്‍ 17ന് ശബരിമലയില്‍ ദര്‍ശനം കഴിഞ്ഞ് അനീഷ് തിരിച്ചുവരുമ്പോള്‍ രാത്രി 8.30 മണിയോടെ പമ്പയില്‍ വച്ച് തലയിടിച്ച് വീഴുകയും ഗുരുതരമായി പരിക്കേല്‍കുകയും ചെയ്തു. ഉടന്‍ തന്നെ പത്തനംതിട്ടയിലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 22ന് അനീഷിന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ അവയവദാനത്തിന് സന്നദ്ധരാവുകയായിരുന്നു. അമ്മ അംബിക കുമാരി, എ ആര്‍ ലക്ഷ്മി, എ ആര്‍ അഞ്ജു എന്നിവരാണ് സഹോദരികള്‍.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!