പയ്യാവൂർ മാംഗല്യം പദ്ധതി; ആദ്യവിവാഹം നടത്തി
ശ്രീകണ്ഠപുരം : അവിവാഹിതരും വിവാഹമോചിതരും ഉൾപ്പെടെ ജാതിമതഭേദമെന്യേ സ്ത്രീ-പുരുഷന്മാർക്കായി പയ്യാവൂർ പഞ്ചായത്ത് ആവിഷ്കരിച്ച ‘പയ്യാവൂർ മാംഗല്യം’ വിവാഹപദ്ധതിയുടെ ഭാഗമായുള്ള ആദ്യ കല്യാണം പാനൂരിൽ നടന്നു. ശ്രീനാരായണഗുരു മന്ദിരത്തിൽ മൊകേരി സ്വദേശി ഷാജിയും പയ്യന്നൂർ സ്വദേശി ബിന്ദുവുമാണ് വിവാഹിതരായത്. ഇരുവരുടെയും രണ്ടാം വിവാഹമാണ്. വിവാഹിതരായവർക്ക് 29-ന് പയ്യാവൂരിൽ സ്വീകരണം നൽകുമെന്ന് പ്രസിഡന്റ് അറിയിച്ചു. ഓഗസ്റ്റ് ഒന്നിനാണ് പയ്യാവൂർ പഞ്ചായത്തും സിങ്കിൾ വുമൺ വെൽഫെയർ അസോസിയേഷനും ചേർന്ന് ‘പയ്യാവൂർ മാംഗല്യം’ വിവാഹപദ്ധതിയുമായി മുന്നോട്ടുവന്നത്. ചെറുപ്പക്കാരുടെ വിവാഹസ്വപ്നങ്ങൾക്ക് പിന്തുണ നൽകുകയായിരുന്നു ലക്ഷ്യം. പദ്ധതിയിലേക്കുള്ള സ്ത്രീകളുടെ അപേക്ഷ അസോസിയേഷൻ ഭാരവാഹികളും പുരുഷന്മാരുടെ അപേക്ഷ പഞ്ചായത്ത് ഓഫീസിലുമാണ് സ്വീകരിച്ചത്.
3,500 പുരുഷന്മാർ, 120 സ്ത്രീകൾ
രജിസ്ട്രേഷൻ പൂർത്തിയായപ്പോൾ പുരുഷന്മാരുടെ 3,500 അപേക്ഷകളും സ്ത്രീകളുടെ 120 അപേക്ഷകളുമാണുള്ളത്. വിവിധ മത, സമുദായങ്ങൾക്കനുസരിച്ച് തരംതിരിച്ചാണ് വിവാഹാലോചനകൾ നടത്തുന്നത്. സ്ത്രീകളെക്കാൾ 30 ഇരട്ടിയോളം പുരുഷന്മാരുള്ളതിനാൽ സ്ത്രീകളുടെ രജിസ്ട്രേഷൻമാത്രം തുടരുന്നുണ്ട്. അപേക്ഷകളിലെ അസന്തുലിതാവസ്ഥ പരിഹരിക്കാൻ മറ്റു പഞ്ചായത്തുകളുമായി സഹകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. നിലവിൽ 30 വിവാഹാലോചനകൾ പുരോഗമിക്കുകയാണ്. ഇതിൽ ആറ് വിവാഹ നിശ്ചയങ്ങൾ ഉടനെ നടത്തും. പാനൂരിൽ നടന്ന വിവാഹച്ചടങ്ങിൽ പയ്യാവൂർ പഞ്ചായത്ത് പ്രസിഡന്റ് സാജു സേവ്യർ, വൈസ് പ്രസിഡന്റ് പ്രീത സുരേഷ്, പഞ്ചായത്തംഗങ്ങളായ പ്രഭാവതി മോഹനൻ, രജനി സുന്ദരൻ, സിഡിഎസ് അംഗങ്ങളായ ബിന്ദു ശിവദാസൻ, ബിന്ദു രാജൻ, ജില്ലാ സിങ്കിൾ വുമൺ അസോസിയേഷൻ ഭാരവാഹി പി.വി.ശോഭന എന്നിവർ പങ്കെടുത്തു.
